Jump to content

വത്തിക്കാൻ കാര്യാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:40, 24 ജൂലൈ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rojypala (സംവാദം | സംഭാവനകൾ)

  • റോമൻ കത്തോലിക്കാസഭയുടെ
  • ഭരണയന്ത്രത്തിന്റെ സെക്രട്ടറിയേറ്റ്

വത്തിക്കാൻ കാര്യാലയം


ഭരണ വകുപ്പ്‌

അപ്പസ്തോലന്മാരുടെ ഭരണഘടന

പാസ്തോർ ബോനൂസ്

മാർപ്പാപ്പ

വത്തിക്കാൻ നയതന്ത്രകാര്യാലയം

ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ, റോമൻ കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ തലവൻ

റോമൻ കത്തോലിക്കാസഭയുടെ ഭരണയന്ത്രത്തിന്റെ കേന്ദ്രമായ സുപ്രധാന സെക്രട്ടറിയേറ്റാണ് വത്തിക്കാൻ കാര്യാലയം. കത്തോലിക്കാസഭയിലെ എല്ലാവകുപ്പുകളുടെയും സഹായസഹകരണങ്ങളോടെയാണ് മാർപ്പാപ്പ സാർവത്രികസഭയെ ഭരിക്കുന്നതും നയിക്കുന്നതും. ഈ കാര്യാലയം റോമൻ കുരിയ, വത്തിക്കാൻ കുരിയ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതാത്മകമായ ഭരണസംവിധാനവുമാണിത്. രാജാക്കന്മാരുടെയും, ചക്രവർത്തിമാരുടെയും കാലഘട്ടങ്ങളിലെ ഭരണകേന്ദ്രങ്ങളാണ് കുരിയ എന്നറിയപ്പെട്ടിരുന്നത്. സഭയുടെ ഭരണപരമായ കാര്യങ്ങൾ കൂടാതെ വത്തിക്കാൻ രാഷ്ട്രത്തിന്റെ നിത്യേനയുള്ള കാര്യങ്ങളും നയിക്കുന്നത് ഈ കാര്യാലയമാണ്[1].

16 - ആം നൂറ്റാണ്ടിലെ സിക്സ്തൂസ് അഞ്ചാമൻ മാർപ്പാപ്പയാണ് വത്തിക്കാൻ കാര്യാലയം ഇന്നത്തെ രീതിയിൽ ക്രമീകരണം നടത്തിയത്. ഇമ്മെൻസ എത്തേർണി ദേയി (Immensa Aeterni Dei) എന്ന പേപ്പൽബൂള വഴിയാണ് മാർപ്പാപ്പ നവീകരണം നടത്തി കാര്യാലയം സ്ഥാപിച്ചത്. 1588 ജനുവരി 22 നാണ് ഈ പേപ്പൽബൂള പ്രസിദ്ധീകരിച്ചത്. ഈ കല്പന മൂലം മതപരവും ലൗകികവുമായ അധികാരങ്ങൾ വത്തിക്കാൻ കാര്യാലയത്തിന് വന്നു ചേർന്നു. 1929 - ൽ നടപ്പായ ലാറ്ററൻ ഉടമ്പടിയോടെ അവസാനിക്കും വരെ രണ്ടു വിധത്തിലുള്ള അധികാര നടത്തിപ്പാണ് കാര്യാലയം നടപ്പിലാക്കിയിരുന്നത്[2]. വത്തിക്കാൻ കാര്യാലയത്തിന് രണ്ടു വിധത്തിലുള്ള അധികാരകേന്ദ്രങ്ങൾ ഇന്നുമുണ്ടെങ്കിലും ഇവയിൽ ഏറിയപങ്കും സഭാഭരണത്തിനുള്ളതാണ്. വത്തിക്കാൻ രണ്ടാം കൗൺസിൽ മാറ്റം വരുത്തിയ, മെത്രാന്മാർ എന്ന പ്രമാണപത്രത്തിൽ നമ്പർ 9 - ൽ പറയും പ്രകാരം സാർവത്രികസഭയെ നയിക്കുമ്പോൾ വത്തിക്കാൻ കാര്യാലയത്തിന്റെ സഹായത്തോടെയേ കാര്യങ്ങൾ നടപ്പാക്കാവൂ എന്നാണ്.

വകുപ്പുകൾ

വത്തിക്കാൻ കാര്യാലയത്തിന് പന്ത്രണ്ടുവിഭാഗങ്ങളാണ് പ്രധാനമായുള്ളത്[3].

ഈ വകുപ്പുകളിൽ ആദ്യനാലെണ്ണം അതിപ്രാധാന്യമുള്ളവയാണ്

  1. നയതന്ത്രവിഭാഗം
  2. തിരുസംഘങ്ങൾ
  3. പരമോന്നതകോടതികൾ
  4. പൊന്തിഫിക്കൽ കൗൺസിലുകൾ
  5. മെത്രാന്മാരുടെ സിനഡുകൾ
  6. കേന്ദ്രകാര്യാലയങ്ങൾ
  7. പൊന്തിഫിക്കൽ കമ്മീഷനുകൾ
  8. സ്വിസ്സ് ഗാർഡ്
  9. പരിശുദ്ധസിംഹാസത്തിൻ കീഴിലുള്ള സ്ഥാപനങ്ങൾ
  10. അപ്പസ്തോലിക ലേബർ കാര്യാലയം
  11. പൊന്തിഫിക്കൽ അക്കാഡമികൾ
  12. പൊന്തിഫിക്കൽ സമിതികൾ

(1) നയതന്ത്രവിഭാഗം

വത്തിക്കാൻ കാര്യാലയത്തിലെ ആദ്യത്തേതും പരമോന്നതവുമായ വിഭാഗമാണ് നയതന്ത്രവിഭാഗം (സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ്). മറ്റെല്ലാ വിഭാഗങ്ങളും ഇതിൽ നിന്നുമാണ് രൂപം കൊണ്ടിട്ടുള്ളത്. 15-ആം നൂറ്റാണ്ടിലാണ് ഇതിന്റെ പ്രവർത്തനമാരംഭിച്ചത്. പൊതുഭരണവിഭാഗം, നയതന്ത്രവിഭാഗം എന്നീ രണ്ടു വിഭാഗങ്ങളായി നയതന്ത്രവിഭാഗത്തെ തരം തിരിച്ചിരിക്കുന്നു[4].

(1/1) പൊതുഭരണവിഭാഗം

വത്തിക്കാൻ കാര്യാലയത്തിലെ ഭരണവും നിയമനങ്ങളും സാർവത്രികസഭയിലെ അനുദിനകാര്യങ്ങളും പൊതുഭരണവിഭാഗത്തിൻ കീഴിലാണ്.

(1/2) നയതന്ത്രവിഭാഗം

പ്രധാനമായും വത്തിക്കാന്റെ ഭരണം ഈ വിഭാഗത്തിന്റെ കീഴിലാണ്. കൂടാതെ വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള രാഷ്ട്രങ്ങളുമായുള്ള ഭരണനടപടികളും ആ രാഷ്ട്രങ്ങളിലെ വത്തിക്കാന്റെ പ്രവർത്തനങ്ങളും നയതന്ത്രവിഭാഗത്തിന്റെ കീഴിലാണ്.

(2) തിരുസംഘങ്ങൾ

വത്തിക്കാൻ കാര്യാലയത്തിലെ രണ്ടാം വിഭാഗമാണ് തിരുസംഘങ്ങൾ. സാർവത്രികസഭയിൽ 9 തിരുസംഘങ്ങളാണ് നിലവിലുള്ളത്. കർദ്ദിനാൾമാരാണ് ഇവയുടെ എല്ലാം പരമാധ്യക്ഷന്മാർ[5].

  1. വിശ്വാസതിരുസംഘം.
  2. പൗരസ്ത്യസഭാതിരുസംഘം.
  3. ആരാധനാക്രമതിരുസംഘം.
  4. വിശുദ്ധർക്കുള്ള തിരുസംഘം.
  5. സുവിശേഷവത്കരണതിരുസംഘം.
  6. പൗരോഹിത്യതിരുസംഘം.
  7. സന്യസ്തർക്കുള്ള തിരുസംഘം.
  8. വിദ്യാഭ്യാസത്തിനുള്ള തിരുസംഘം.
  9. മെത്രാന്മാർക്കുള്ള തിരുസംഘം

(2/1) വിശ്വാസതിരുസംഘം

സെന്റ് പീറ്റേഴ്സ് ബസിലിക്ക

സഭയിലെ 9 തിരുസംഘങ്ങളിൽ ഏറ്റവും പഴക്കം ചെന്നതാണ് സാർവത്രികസഭയുടെ ഭരണത്തിൽ പ്രധാനകടമയുള്ള വിശ്വാസതിരുസംഘം. 1542-ൽ പോൾ മൂന്നാമൻ മാർപ്പാപ്പയാണ് ഈ തിരുസംഘം ആരംഭിച്ചത്. അംഗങ്ങളുടെ ദൈവികവിശ്വാസത്തിലാണ് സഭയുടെ എക്കാലത്തെയും നിലനിൽപ്പ് എന്നതിനാൽ ധാർമ്മികതയും വിശ്വാസവും എക്കാലവും ശരിയായി തന്നെ നിലനിർത്തുക എന്നതാണ് വിശ്വാസതിരുസംഘം നിർവഹിക്കുന്നത്. പാഷണ്ഡതകളുടെ തെറ്റായ ബോധവത്കരണങ്ങളിൽ നിന്നും ക്രൈസ്തവവിശ്വാസം സംരക്ഷിക്കുവാനാണ് വിശ്വാസതിരുസംഘം ആരംഭിച്ചത്. വകുപ്പിന്റെ അനുദിനപ്രവർത്തനങ്ങൾ നടക്കുന്നത് കർദ്ദിനാൾ സ്ഥാനമുള്ള മെത്രാൻ അധ്യക്ഷനായി രണ്ടു സെക്രട്ടറിമാരുടെ കീഴിലാണ്.

വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ സമീപമുള്ള കെട്ടിടത്തിലാണ് വിശ്വാസതിരുസംഘകേന്ദ്രം പ്രവർത്തിക്കുന്നത്. 37 ജോലിക്കാർ വിവിധവിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. ഇതിന്റെ ഉപദേശകരായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള 23 കർദ്ദിനാൾമാരും 33 മെത്രാന്മാരും പ്രവർത്തിക്കുന്നു. ഇവരുടെ യോഗം വർഷത്തിൽ രണ്ടു പ്രാവശ്യം കാര്യാലയത്തിൽ ചേരുന്നു. ഇവരുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

വിശ്വാസതിരുസംഘത്തിന്റെ മേൽനോട്ടത്തിലാണ് സഭയുടെ ചരിത്രത്തിൽ വളരെയധികം വിമർശിക്കപ്പെടുകയും കുപ്രസിദ്ധിയാർജിക്കുകയും ചെയ്ത ഇൻക്വിസിഷൻ കോടതികൾ പ്രവർത്തിച്ചിരുന്നത്. മധ്യയുഗത്തിലും മറ്റും തെറ്റായ രീതിയിൽ വിശ്വാസപ്രബോധനം നടത്തുകയും, വ്യക്തിവിചാരണ നടത്തുകയും, സഭാഭൃഷ്ട് കല്പിക്കുകയും ചെയ്തതിന്റെ പേരിൽ ഈ കോടതികൾ വിമർശിക്കപ്പെട്ടിട്ടുണ്ട്.

കോൺഗ്രിഗേഷൻ ഫോർ യൂണിവേഴ്സൽ ഇൻക്വിസിഷൻ എന്ന നാമമായിരുന്നു വിശ്വാസതിരുസംഘത്തിന് ആരംഭകാലഘട്ടത്തിൽ നൽകിയത്. 1908-ൽ പത്താം പീയൂസ് മാർപ്പാപ്പ ഈ നാമം കോൺഗ്രിഗേഷൻ ഓഫ് ഹോളി ഓഫീസ് എന്ന് പുനർനാമകരണം നടത്തി. തുടർന്ന് 1965-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നിർദ്ദേശപ്രകാരം പോൾ ആറാമൻ മാർപ്പാപ്പയാണ് വിശ്വാസതിരുസംഘം എന്ന് നാമപരിഷ്കാരം നടത്തിയത്. 1988-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കാര്യാലയത്തിന്റെ പ്രവർത്തനനവീകരണങ്ങൾ നടത്തിയപ്പോൾ ഈ വകുപ്പിനും രൂപരേഖ തയ്യാറാക്കുകയും, പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.

വകുപ്പിന്റെ ദൈനംദിനപ്രവർത്തനങ്ങൾ നടക്കുന്നത് കാര്യാലയത്തിലെ മറ്റു വകുപ്പുകളുമായും തിരുസംഘങ്ങളുമായും സഹകരിച്ചാണ്. സുസ്വാതന്ത്രമുള്ള വകുപ്പുകളാണെങ്കിലും അന്തർദേശീയ ദൈവശാസ്ത്രകമ്മീഷനും പൊന്തിഫിക്കൽ ബൈബിൾ കമ്മീഷനും വിശ്വാസതിരുസംഘത്തിന്റെ കീഴിലാണ് നില കൊള്ളുന്നത്. വിശ്വാസതിരുസംഘത്തിന്റെ അഗീകാരത്തോടെ മാത്രമാണ് കാര്യാലയത്തിലെ ഏതു വകുപ്പും സഭയിലെ മെത്രാന്മാർക്കും കർദ്ദിനാൾമാർക്കും കത്തുകൾ അയയ്ക്കുവാൻ പാടുള്ളു. സഭയുടെ ഔദ്യോഗിക ദിനപ്പത്രത്തിൽ പോലും (ലാ ഒസ്സർവത്തോരെ റൊമാനൊ) ദൈവശാസ്ത്രലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഈ വകുപ്പിന്റെ അനുമതിയോടെ മാത്രമാണ്.

ഭരണസൗകര്യത്തിനായി ഈ വകുപ്പിനെ നാലായി തിരിച്ചിരിക്കുന്നു. (1) വിശ്വാസകാര്യ വിഭാഗം (2) അച്ചടക്ക വിഭാഗം (3) വിവാഹകാര്യ വിഭാഗം (4) വൈദികവിഭാഗം.

(2/2) പൗരസ്ത്യസഭാതിരുസംഘം

21 പൗരസ്ത്യസഭകളും ഒരു പാശ്ചാത്യസഭയും ചേർന്ന് 22 സഭകളുടെ കൂട്ടമാണ് സാർവത്രികസഭ. കത്തോലിക്കാസഭയിലെ ഏറിയപങ്ക് വിശ്വാസികളും പാശ്ചാത്യസഭയിലെ അംഗങ്ങളാണ്. ഇവർ ലത്തീൻ റീത്തിലാണ് ആരാധനാക്രമം നടത്തുന്നത്. സാർവത്രികസഭയിലെ 21 പൗരസ്ത്യസഭകൾക്കായി പ്രവർത്തിക്കുന്ന കാര്യാലയമാണ് പൗരസ്ത്യസഭാതിരുസംഘം. കാൽദിയൻ, ബൈസന്റൈൻ, അന്ത്യോക്യൻ, അർമേനിയൻ, അലക്സാൺഡ്രിയൻ എന്നീ അഞ്ച് പാരമ്പര്യങ്ങളിൽ നിന്നുമാണ് ഈ 21 പൗരസ്ത്യസഭകളും എത്തിച്ചേരുന്നത്.

പൗരസ്ത്യസഭകൾ (21)
അലക്സാൺഡ്രിയൻ പാരമ്പര്യത്തിലുള്ള സഭകൾ (2) ഈജിപ്റ്റിലെ കോപ്റ്റിക് സഭ, എത്യോപ്യൻ കത്തോലിക്കാ സഭ
അന്ത്യോക്യൻ പാരമ്പര്യത്തിലുള്ള സഭകൾ (3) മാറോനീത്താ സഭ, സീറോമലങ്കര സഭ,
സുറിയാനി കത്തോലിക്കാ പാത്രിയാർക്കീസ് സഭ
അർമേനിയൻ പാരമ്പര്യത്തിലുള്ള സഭകൾ (1) അർമേനിയൻ കത്തോലിക്കാ സഭ
ബൈസന്റൈൻ പാരമ്പര്യത്തിലുള്ള സഭകൾ (13) അൽബേനിയൻ കത്തോലിക്കാ സഭ, ബൾഗേറിയൻ കത്തോലിക്കാ സഭ,
ബല്ലറൂഷ്യൻ കത്തോലിക്കാ സഭ, ഗ്രീക്ക് കത്തോലിക്കാ സഭ,
ഹംഗേറിയൻ കത്തോലിക്കാ സഭ, ഇത്തലോ അൽബേനിയൻ സഭ,
ക്രിസിവേയി കത്തോലിക്കാ സഭ, മെൽക്കയിറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ,
റോമേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ, റുത്തേനിയൻ ബൈസന്റൈൻ കത്തോലിക്കാ സഭ,
ഉക്രേനിയൻ കത്തോലിക്കാ സഭ, റഷ്യൻ കത്തോലിക്കാ സഭ,
സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ
കൽദായ സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾ (2) സീറോ മലബാർ സഭ, കൽദായ സഭ

പീയൂസ് ഒമ്പതാമൻ മാർപ്പാപ്പയാണ് 1862 ജനുവരി 6-ന് പൗരസ്ത്യസഭാതിരുസംഘം രൂപീകരിച്ചത്. വേദപ്രചാരതിരുസംഘത്തിന്റെ ഭാഗമായി രൂപീകരിച്ച ഈ തിരുസംഘത്തിന് ബെനഡിക്ട് പതിനഞ്ചാമൻ മാർപ്പാപ്പ 1917 മെയ് 1-ന് സ്വതന്ത്രചുമതല നൽകി. പൗരസ്ത്യതിരുസംഘമെന്ന (Congregatiopro Ecclesiis Orientalibus) പേര് നൽകിയത് 1967 ഓഗസ്റ്റ് 15-ന് പോൾ ആറാമൻ മാർപ്പാപ്പയാണ്. 21 സഭകളിലെയും രൂപതകൾ, മെത്രാന്മാർ, പുരോഹിതർ, സന്യസ്തർ, അൽമായർ, എന്നിവ പൗരസ്ത്യസഭാതിരുസംഘത്തിന്റെ കീഴിലാണ്. പൗരസ്ത്യസഭകളിൽ പാത്രിയാർക്കൽ സഭ, മേജർആർക്കി എപ്പിസ്ക്കോപ്പൽ സഭ, എന്നിവ പൂർണ്ണമായും പ്രവർത്തന സ്വാതന്ത്ര്യമുള്ള സഭകളാണെങ്കിലും പ്രതിസന്ധിഘട്ടങ്ങളിൽ പൗരസ്ത്യസഭാതിരുസംഘം ഇവയിൽ ഇടപെടാറുണ്ട്. മറ്റുള്ള സഭകൾ പൂർണ്ണമായും പൗരസ്ത്യസഭാതിരുസംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നിർദദ്ദേശങ്ങളും, കാനോൻ നിയമങ്ങളും, നിർദ്ദിഷ്ട കാലഘട്ടങ്ങളിലെ മാർപ്പാപ്പമാർ സഭകൾക്കായി നൽകുന്ന നിർദ്ദേശങ്ങൾ എന്നിവയനുസരിച്ചാണ് തിരുസംഘത്തിന്റെ പ്രവർത്തനം.

പൗരസ്ത്യസഭാതിരുസംഘത്തിന്റെ പരമാധ്യക്ഷൻ കർദ്ദിനാൾ പദവിയുള്ള മെത്രാപ്പോലീത്തയാണ്. ഇദ്ദേഹത്തിന്റെ കീഴിൽ രണ്ടു സെക്രട്ടറിമാരും ഭരണക്രമങ്ങൾ നടപ്പിലാകുവാൻ നേതൃത്വം വഹിക്കുന്നു. ഇതിന്റെ ഉപദേശകസമിതിയിൽ 12 കർദ്ദിനാൾമാരും രണ്ട് മെത്രാപ്പോലീത്തമാരും നാലു മെത്രാന്മാരും അംഗങ്ങളായി പ്രവർത്തിക്കുന്നു. അതോടൊപ്പം പൗരസ്ത്യസഭകളിലെ പാത്രിയർക്കീസുമാരും മേജർ ആർച്ച് ബിഷപ്പുമാരും പൊന്തിഫിക്കൽ കൗൺസിലിന്റെ പരമാധ്യക്ഷനും പൗരസ്ത്യസഭാതിരുസംഘത്തിന്റെ അംഗങ്ങളായി പ്രവർത്തിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള അമ്പതോളം പ്രഗൽഭർ തിരുസംഘത്തിന്റെ വിവിധ മേഖലകളിൽ നിർദ്ദേശങ്ങൾ നൽകുവാനും മറ്റുമായി പ്രവർത്തിക്കുന്നുണ്ട്.

പൗരസ്ത്യസഭാതിരുസംഘത്തിന്റെ സേവനപ്രവർത്തനങ്ങൾ പൗരസ്ത്യസഭകൾക്ക് ലഭിക്കുന്നത്, പൗരസ്ത്യസഭകളുടെ ആരാധനാക്രമത്തിനും കാനോൻനിയമത്തിനുമുള്ള കമ്മീഷൻ, കിഴക്കൻ രാജ്യങ്ങളിലെ ക്രൈസ്തവരുടെ സേവനത്തിനായുള്ള കമ്മീഷൻ, പൗരസ്ത്യസഭകളിലെ പുരോഹിതർക്കും സന്യസ്തർക്കുമുള്ള കമ്മീഷൻ എന്നീ മൂന്ന് കമ്മീഷനുകളിലൂടെയാണ്. Riunione Opere Aiuto Chiese Orientali എന്ന പേരിലുള്ള വിഭാഗമാണ് പൗരസ്ത്യസഭകൾക്കുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നത്. കൂടാതെ പരിശുദ്ധസിംഹാസനവും സഹായം നൽകാറുണ്ട്. SICO (Servizio Informazioni Chiese Orientali) എന്ന പുസ്തകത്തിൽ പ്രതിവർഷം സഭകളുടെ റിപ്പോർട്ടുകളും സ്ഥിതിവിവരക്കണക്കുകളും പ്രസിദ്ധീകരിക്കാറുണ്ട്. കൂടാതെ സഭയുടെ വാർത്തകളും ചിത്രങ്ങളും ഇതിൽ പ്രതിപാദിക്കുന്നു.

വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മുൻപിൽ നിന്നും ടൈബർനദി വരെയുള്ള പാതയുടെ (വിയാദെല്ലാ കോൺചിലിയാസിയോണ) അവസാനമാണ് പൗരസ്ത്യസഭാതിരുസംഘത്തിന്റെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നത്. മാനസാന്തരത്തിന്റെ കൊട്ടാരം എന്നറിയപ്പെടുന്ന കെട്ടിടത്തിലാണ് ഇത് നിലകൊള്ളുന്നത്. ജനോവയിലെ സിപിനോള കുടുംബം (പതിനാറാം നൂറ്റാണ്ട്) നിർമ്മിച്ച ശേഷം മാർപ്പാപ്പായ്ക്ക് സമ്മാനമായി നൽകിയതാണ് ഈ കെട്ടിടം.

(2/3) ആരാധനാക്രമതിരുസംഘം

ദൈവിക ആരാധനയ്ക്കുള്ള തിരുസംഘവും, കൂദാശാ പരികർമ്മത്തിനുള്ള തിരുസംഘവും ലയിപ്പിച്ച് ഒന്നാക്കിയതാണ് ആരാധനാക്രമതിരുസംഘം. ഇവ രണ്ടിന്റെയും പ്രവർത്തനമേഖല പലപ്പോഴും ഒന്നു തന്നെയായതിനാലാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1988 ജൂൺ 28-ന് ഈ രണ്ട് തിരുസംഘങ്ങളെയും ലയിപ്പിച്ചത്. 1968 മെയ് 8-ന് പോൾ ആറാമൻ മാർപ്പാപ്പ സ്ഥാപിച്ചതാണ് ദൈവിക ആരാധനയ്ക്കുള്ള തിരുസംഘം, കൂദാശാ പരികർമ്മത്തിനുള്ള തിരുസംഘം 1908 ജൂൺ 29- ന് പത്താം പീയൂസ് മാർപ്പാപ്പ സ്ഥാപിച്ചതാണ്[6].

ആരാധനാക്രമങ്ങളുടെ പരികർമ്മം, കൂദാശകളുടെ പരികർമ്മം, ആരാധനാമ്രമവുമായി ബന്ധപ്പെട്ട അച്ചടക്കം, അച്ചടക്കനടപടികൾ എന്നിവയാണ് ആരാധനാക്രമതിരുസംഘത്തിന്റെ കീഴിൽ വരുന്ന ഘടകങ്ങൾ. ആരാധനാക്രമത്തിൽ ഉപയോഗിക്കുന്ന പ്രാർഥനകളുടെയും, പ്രാർഥനപുസ്തകങ്ങളുടെയും നിർമ്മിതികൾ ആരാധനാക്രമതിരുസംഘത്തിന്റേതാണ്. കൂടാതെ ആരാധനാക്രമങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങളിലും അവസാനവാക്ക് ഈ സംഘത്തിന്റേതാണ്. എന്നാൽ ബിഷപ്സ് കോൺഫറൻസുമായും, സഭയിലെ മറ്റുസംഘങ്ങളുമായും ആലോചിച്ച ശേഷമാണ് സംഘം തീരുമാനമെടുക്കുന്നത്.

ആരാധനാക്രമപരികർമ്മങ്ങളിൽ അച്ചടക്കം നിലനിർത്തുന്നത് സഭയുടെ പ്രധാന കടമയാണ്. ആരാധനാക്രമപരികർമ്മരീതികളിൽ മാറ്റം വരുത്തുവാനോ, പുനർനിർവചനം നടത്തുവാനോ വൈദികർക്കോ മെത്രാന്മാർക്കോ അധികാരമില്ല. അതോടൊപ്പം, കുർബാന അർപ്പിക്കുവാനും കൂദാശകൾ പരികർമ്മം ചെയ്യുവാനും ആരാധനാക്രമതിരുസംഘം നിഷ്കർഷിക്കുന്ന രീതിയിൽ മാത്രമേ അനുവാദവുമുള്ളു. ആരാധനാക്രമതിരുസംഘത്തിന് ഈ നിർദ്ദേശങ്ങൾക്കെതിരായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുവാൻ പൂർണ്ണ അധികാരമുണ്ട്.

കുർബാന അർപ്പിക്കുവാനുള്ള ഗ്രന്ഥം, കൂദാശകൾ പരികർമ്മം ചെയ്യുവാനുള്ള പുസ്തകം, സഭയുടെ മറ്റ് ഔദ്യോഗിക പ്രാർഥനാപുസ്ത്കങ്ങൾ എന്നിവ കാലാനുസൃതമായി പരിഷ്കരിക്കുക എന്നത് ആരാധനാക്രമതിരുസംഘത്തിന്റെ പ്രധാനപ്രവർത്തനമാണ്. ഈ പുസ്തകങ്ങൾ ഇതരഭാക്ഷകളിലേക്ക് മൊഴിമാറ്റം നടത്തുവാനുള്ള അംഗീകാരം നൽകുന്നത് ഈ സംഘമാണ്. ഇത്തരത്തിലുള്ള എല്ലാ ഗ്രന്ഥങ്ങളും ലത്തീൻ ഭാക്ഷയിലാണ് ഔദ്യോഗികമായി പ്രസിദ്ധീകരണം നടത്തുന്നത്. ആരാധനാക്രമതിരുസംഘത്തിൽ നിന്നും അനുമതി നേടി മൊഴിമാറ്റം നടത്തി അംഗീകാരം നേടിയ ശേഷം മാത്രമേ ഇവ പ്രസിദ്ധീകരിക്കുവാൻ സാധിക്കൂ. അതോടൊപ്പം തന്നെ തിരുകർമ്മ സംഗീതത്തെപ്പറ്റിയുള്ള (കർമ്മങ്ങളിൽ സംഗീതത്തിന്റെ സ്ഥാനം, ഈണങ്ങൾ, ആലാപനരീതികൾ) നിർദേശങ്ങൾ പുറത്തിറക്കുന്നതും ഈ സംഘമാണ്.

പൗരോഹിത്യ തിരുപ്പട്ടദാന തിരുക്കർമ്മങ്ങളുടെ അസാധാരണമായ രീതിയിലുള്ള നടത്തപ്പെടൽ, ലൈംഗികബന്ധം നടക്കാത്ത വിവാഹങ്ങളുടെ മോചനം എന്നിവയുടെ തീർപ്പുകൽപ്പിക്കൽ നടത്തുന്നത് ആരാധനാക്രമതിരുസംഘമാണ്. കൂടാതെ വിശുദ്ധരുടെ തിരുശേഷിപ്പുകളോടുള്ള ഭക്തി, ഇവയുമായി ബന്ധപ്പെട്ട മറ്റു തിരുക്കർമ്മങ്ങൾ എന്നിവയിലും തീരുമാനം ഈ സംഘത്തിന്റേതാണ്. എന്നാൽ വിശുദ്ധരുടെ തിരുശേഷിപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിൽ അധികാരം വിശുദ്ധരുടെ തിരുസംഘത്തിനുള്ളതാണ്. രൂപതകളുടെ മധ്യസ്ഥർ, രാജ്യങ്ങളുടെ മധ്യസ്ഥർ എന്നിവ വത്തിക്കാനിൽ നിന്നും അംഗീകാരം നേടിയ ശേഷമാണ് പ്രഖ്യാപിക്കുന്നത്. എന്നാൽ, ഓരോ ഇടവകയുടെയും മധ്യസ്ഥനെ (മധ്യസ്ഥയെ) അതാത് രൂപതകൾക്ക് പ്രഖ്യാപിക്കുവാൻ അധികാരമുണ്ട്.

സഭയിൽ നാല് മേജർ ബസിലിക്കകൾ, നാല് പൊന്തിഫിക്കൽ ബസിലിക്കകൾ, രണ്ട് പാത്രീയർക്കീസ് ബസിലിക്കകൾ എന്നിവയും അനവധി മൈനർ ബസിലിക്കകളും നിലവിലുണ്ട്. ഇതിൽ മൈനർ ബസിലിക്കകളുടെ പ്രഖ്യാപന തീരുമാനം എടുക്കുവാനുള്ള അധികാരം ആരാധനാക്രമതിരുസംഘത്തിനുണ്ട്. ഇത്തരം ബസിലിക്കകൾക്കുള്ള മെത്രാന്റെ അപേക്ഷകളിൽ വിശദമായ പരിശോധനകൾ നടത്തി മാർപ്പാപ്പയോട് ഈ ആവശ്യം ഉന്നയിക്കുവാനുള്ള അധികാരമാണ് ആരാധനാക്രമതിരുസംഘത്തിനുള്ളത്.

കർദ്ദിനാൾ പദവിയുള്ള മെത്രാപ്പോലീത്തായാണ് ആരാധനാക്രമതിരുസംഘത്തിന്റെ അധ്യക്ഷൻ. സംഘത്തിന്റെ കാര്യാലയത്തിൽ 32 വ്യക്തികൾ സേവനമനുഷ്ഠിക്കുന്നു. തിരുസംഘത്തിന്റെ അനുദിനകാര്യങ്ങളിൽ നിർദേശങ്ങൾ എടുക്കുന്നത് കർദ്ദിനാൾമാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും ദൈവശാസ്ത്രപണ്ഡിതരും ചേർന്നുള്ള 40 അംഗങ്ങളുടെ സമിതിയാണ്. ആരാധനാക്രമതിരുസംഘത്തിന് മൂന്നുവിധം ഉപദേശകസമിതികളാണുള്ളത്.

  1. ആരാധനക്രമ നിർദ്ദേശങ്ങൾ നൽകുവാൻ 21 അംഗ സമിതി.
  2. കൂദാശാപരികർമ്മ വിഭാഗത്തിൽ 11 അംഗ സമിതി.
  3. ലൈംഗികവേഴ്ച്ച നടക്കാത്ത വിവാഹമോചന തീർപ്പ്, തിരുപ്പട്ടദാനതിരുകർമ്മ തീർപ്പ് എന്നിവയിൽ 71 അംഗ സമിതി.
മാഗസിൻ

ആരാധനാക്രമതിരുസംഘം പ്രസിദ്ധീകരിക്കുന്ന മാഗസിനാണ് നോത്തീസിയേ (Notitiae). ഇതിൽ ആരാധനാക്രമവുമായി ബന്ധപ്പെട്ട ലേഖനങ്ങളും സംഘത്തിലെ അറിയിപ്പുകളുമാണ് പ്രസിദ്ധം ചെയ്യുന്നത്.

ആസ്ഥാനം

വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മുൻപിലുള്ള പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പയുടെ നാമത്തിലുള്ള സ്ക്വയറിലെ തിരുസംഘങ്ങളുടെ കൊട്ടാരം എന്ന കെട്ടിടത്തിലാണ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

(2/4) വിശുദ്ധർക്കുള്ള തിരുസംഘം

സാർവത്രിക സഭയിലെ ഒമ്പത് തിരുസംഘങ്ങളിലൊന്നായ വിശുദ്ധർക്കുള്ള തിരുസംഘമാണ് വിശുദ്ധരുടെ നാമകരണ നടപടികൾ ഉൾപ്പടെ വിശുദ്ധരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്[7]. സിക്സ്തൂസ് അഞ്ചാമൻ മാർപ്പാപ്പയാണ് 1588 ജനുവരി 28 - ന് ഇമ്മൻസ എത്തേർണി ദേയീ (Immensa Aeterni Dei) എന്ന അപ്പസ്തോലിക് കോൺസ്റ്റിറ്റ്യൂഷൻ വഴി ഈ തിരുസംഘം സ്ഥാപിച്ചത്. ആദ്യ കാലത്ത് വിശുദ്ധരുടെ നാമകരണ നടപടികൾക്കു വേണ്ടിയും, ആരാധനാക്രമ തിരുക്കർമ്മങ്ങൾക്കായും രണ്ടു വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. 1969 മേയ് 8 - ന് സക്രാ റിതൂം കോൺഗ്രെഗേഷിയോ (Sacra Rituum Congregatio) എന്ന അപ്പസ്തോലിക് കോൺസ്റ്റിറ്റ്യൂഷൻ വഴി പോൾ ആറാമൻ മാർപ്പാപ്പ ഇവയെ വേർതിരിച്ച് ദൈവാരാധനയ്ക്കായുള്ള പ്രത്യേക തിരുസംഘത്തിന് രൂപം നൽകി. രണ്ടാം വത്തിക്കാൻ കൗൺസിൽ മൂലം കാര്യാലയ നവീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോളാണ് ഈ വിഭജനം നടത്തിയത്. 1930 ഫെബ്രുവരി 6 - ന് പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പ വിശ്വാസകാര്യങ്ങൾക്കായി ആരംഭിച്ച ചരിത്രവിഭാഗം ഇന്ന് വിശുദ്ധർക്കുള്ള തിരുസംഘത്തിന്റെ ഭാഗമായി നിലകൊള്ളുന്നു.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1983 ജനുവരി 25 - ന് പ്രസിദ്ധീകരിച്ച ഡിവൈനസ് പെർഫെക്ഷനിസ് മാഗിസ്റ്റെർ (Divinus Perfectionis Magister) എന്ന അപ്പസ്തോലിക് കോൺസ്റ്റിറ്റ്യൂഷനിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ വഴിയാണ് ഈ തിരുസംഘം പ്രവർത്തിക്കുന്നത്. ഇവയുടെ പ്രവർത്തന മേഖല നിർവചിക്കുകയും പുതിയ നാമം നൽകുകയും ചെയ്തത് 1988 ജൂൺ 28- ന് പ്രസിദ്ധം ചെയ്ത പാസ്തോർ ബോനൂസ് (Pstor Bonus) എന്ന അപ്പസ്തോലിക് കോൺസ്റ്റിറ്റ്യൂഷൻ വഴിയാണ്.

വിശുദ്ധരുടെ നാമകരണ നടപടികൾക്കായി വളരെ കാലദൈർഘ്യം വേണ്ടിവരുന്നതിനാൽ ഓരോ രൂപതയുടെയും കീഴിൽ വിശുദ്ധരുടെ നാമകരണത്തിനുള്ള എല്ലാ കാര്യങ്ങളും നിർവഹിക്കുന്നവരുടെയും രൂപീകരണത്തിനു വേണ്ടി 1984 ജൂൺ 28 - ന് തിരുസംഘം ഒരു പരിശീലനകേന്ദ്രം ആരംഭിച്ചു. 1983 - ലെ നിയമമനുസരിച്ച് ഒരു വ്യക്തിയുടെ മരണത്തിന് അഞ്ചു വർഷം ശേഷം മാത്രമാണ് നാമകരണനടപടികൾക്ക് തുടക്കം കുറിക്കാവൂ, എന്നാൽ മദർ തെരേസയുടെയും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെയും നാമകരണനടപടികളിൽ മാർപ്പാപ്പ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഇളവ് നൽകിയിരുന്നു.

സഭ ഒരു വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപനം നടത്തിയ ശേഷം മാത്രമാണ് സാർവത്രികമായി അദ്ദേഹത്തിന്റെ തിരുനാൾ എനടത്തുവാനോ വണങ്ങുവാനോ സാധ്യമാകൂ. ഈ പ്രഖ്യാപനം കാനൊനൈസേഷൻ (വിശുദ്ധരുടെ പട്ടികയിൽ ചേർക്കുന്നു) എന്നറിയപ്പെടുന്നു. ഒരു വ്യക്തി തന്റെ മരണശേഷം സ്വർഗ്ഗത്തിലെത്തിച്ചേർന്നു എന്ന് ഉറപ്പാക്കുന്ന വളരെ സങ്കീർണ്ണമായ നടപടിക്രമങ്ങളാണിത്. ഒരു രൂപതയിൽ ആരംഭിച്ച് മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതു വരെയുള്ള ഈ നടപടിക്രമങ്ങളിലെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത് വിശുദ്ധർക്കുള്ള തിരുസംഘമാണ്. 2008 ഫെബ്രുവരിയിൽ പ്രസിദ്ധം ചെയ്ത വിശുദ്ധരുടെ അമ്മയായ സഭ (Sanctorum Mater) എന്ന പ്രമാണരേഖയിലെ നിർദ്ദേശാനുസരണമാണ് ഈ നാമകരണനടപടികൾ ഇന്ന് നടത്തപ്പെടുന്നത്.

വിശുദ്ധപ്രഖ്യാപന നടപടിക്രമങ്ങൾ

വിശുദ്ധരായി ജീവിച്ച വ്യക്തിയെ അവർ വിശുദ്ധരായിരുന്നു എന്ന് പ്രഖ്യാപിക്കുകയാണ് ഈ നടപടിയിലൂടെ സഭ ചെയ്യുന്നത്. ഭക്തർ ഒരു വ്യക്തിയുടെ മധ്യസ്ഥം അപേക്ഷിച്ച് പ്രാർഥിച്ച് അത്ഭുതം നടന്നാൽ മാത്രമാണ് രൂപതയ്ക്ക് ഈ ആവശ്യം ഉന്നയിക്കുവാനുള്ള അധികാരം ലഭിക്കുകയുള്ളു. ഇതിനായി സമൂഹത്തിന്റെ ആവശ്യപ്പെടലും പൊതുസമ്മതിയും ഉണ്ടായിരിക്കണം. നാമകരണനടപടികളുടെ ആരംഭത്തിൽ തന്നെ മെത്രാൻ ഈ തിരുസംഘത്തിൽ നിന്നും അനുവാദം വാങ്ങേണ്ടതാണ്. ഈ അനുവാദം ലഭിച്ച ശേഷം നടപടികൾക്കായി മെത്രാൻ ഒരു സമിതിയെ നിയോഗിക്കുന്നു. വിശുദ്ധനായി പ്രഖ്യാപിക്കുവാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ പുണ്യങ്ങളാണ് ആദ്യം പരിശോധിക്കുക. അസാധാരണമായ വിധത്തിൽ പുണ്യങ്ങൾ സ്വജീവിതത്തിൽ പാലിച്ച വ്യക്തിയാണെന്ന് തെളിയിക്കപ്പെട്ടാൽ നാമകരണനടപടിയുടെ ആദ്യഭാഗമെന്ന നിലയ്ക്ക് ദൈവദാസൻ (Servent of God) എന്ന നാമം നൽകും. പിന്നീട് രൂപതാനിലയിലുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം വിവരങ്ങളെല്ലാം വിശുദ്ധർക്കുള്ള തിരുസംഘത്തിന് നൽകും. തുടർന്ന് രൂപതാതലത്തിലുള്ള എല്ലാ നടപടികളും ഈ തലത്തിലും ആവർത്തിക്കും. രൂപതാതലത്തിലുള്ള കണ്ടെത്തലുകൾ എല്ലാം സഭാകോടതിയിൽ തെളിയിക്കപ്പെട്ടാൽ നാമകരണനടപടികളുടെ രണ്ടാം തലമെന്ന നിലയ്ക്ക് ആ വ്യക്തിക്ക് ധന്യൻ (Vererable) എന്ന പദവി നൽകും. ഈ പദവി ലഭിച്ചാൽ ആ വ്യക്തിയുടെ ചിത്രങ്ങളും പ്രാർഥനകളും അച്ചടിക്കുവാൻ സാധിക്കും.

ധന്യൻ എന്ന പദവി ലഭിച്ച ശേഷം ആ വ്യക്തിയുടെ മധ്യസ്ഥശക്തിയാൽ ഒരു അത്ഭുതം നാമകരണകോടതിയിൽ തെളിയിക്കപ്പെട്ടാൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ (Blessed) എന്ന പദവിയിലേക്ക് ഉയർത്തും. ഒൻപത് ദൈവശാസ്ത്രജ്ഞർ ഉൾപ്പെടുന്ന സമിതിയാണ് പ്രാഥമിക പരിശോധനകൾ നടത്തുന്നത്. ഈ ദൈവശാസ്ത്രജ്ഞരിൽ ചിലർ പിശാചിന്റെ വക്കീൽ എന്നറിയപ്പെടുന്നവരാണ്. ഇതിൽ അനുകൂല വോട്ടുകൾ ലഭിച്ചാൽ നടന്ന അത്ഭുതം കർദ്ദിനാൾമാരും മെത്രാന്മാരും ഉൾപ്പെടുന്ന സമിതി തുടർ പരിശോധന നടത്തും. ഇവിടെയും അനുകൂല വോട്ടുകൾ ലഭിച്ചാൽ മാത്രമാണ് തുടർന്ന് ആ വ്യക്തി അൾത്താര വണക്കത്തിന് യോഗ്യനാകുന്നത്.

വാഴ്ത്തപ്പെട്ടവൻ എന്ന പദവിയിലേക്ക് ഉയർത്തുപ്പെട്ട ശേഷം മറ്റൊരു അത്ഭുതം കൂടി സഭാകോടതിയിൽ തെളിയിക്കപ്പെട്ടാൽ ആ വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിക്കും. എന്നാൽ രക്തസാക്ഷിത്വം വരിച്ചവരെ വിശുദ്ധനായി പ്രഖ്യപിക്കുന്ന നടപടികൾ ഇതിലും ലളിതമാണ്. കാരണം രക്തസാക്ഷിത്വം എന്നത് ജീവിതവിശുദ്ധിയുടെ അടയാളമായതിനാൽ ഇവരെ സാധാരണ നിലയിലേക്കാൾ വേഗത്തിൽ വിശുദ്ധനായി പ്രഖ്യാപിക്കും.

ആദ്യകാലങ്ങളിൽ പ്രാദേശികസഭകൾക്ക് വ്യക്തികളെ വിശുദ്ധരായി പ്രഖ്യാപിക്കുവാനുള്ള അധികാരമുണ്ടായിരുന്നു. അക്കാലത്ത് തെറ്റായ സമ്പ്രദായങ്ങൾ രൂപം കൊണ്ടതിനാൽ പിന്നീട് സാർവത്രികസഭയ്ക്ക് മാത്രമായി ഈ നടപടി മാറ്റി. കത്തോലിക്കാസഭയിൽ എളുപ്പത്തിൽ ആരെയും വിശുദ്ധരാക്കാതിരിക്കുവാനായി സങ്കീർണ്ണമായ ഈ നടപടി വളരെ വർഷങ്ങൾ കൊണ്ടാണ് പൂർത്തീകരിക്കുന്നത്.

ആസ്ഥാനം

വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മുൻപിലുള്ള പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പയുടെ നാമത്തിലുള്ള സ്ക്വയറിലെ തിരുസംഘങ്ങളുടെ കൊട്ടാരം എന്ന കെട്ടിടത്തിലാണ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

(2/5) സുവിശേഷവത്കരണതിരുസംഘം

കത്തോലിക്കാസഭയുടെ സുവിശേഷവത്കരണപ്രക്രിയകൾ ക്രോഡീകരിക്കുവാനായി സ്ഥാപിക്കപ്പെട്ട തിരുസംഘമാണ് സുവിശേഷവത്കരണതിരുസംഘം[8]. 1622 ജൂൺ 22 ന് ഗ്രിഗറി പതിനഞ്ചാമൻ മാർപ്പാപ്പയാണ് ഈ വകുപ്പ് സ്ഥാപിച്ചത്. യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങളൊഴികെ അമേരിക്കയടക്കം എല്ലാ ഭൂഖണ്ഡങ്ങളിലെയും സഭാപ്രവർത്തനങ്ങളുടെയും നിയന്ത്രണം ഈ വകുപ്പിനാണ്. 1623 ലും, 1627 - ലും ഈ വകുപ്പിന്റെ ചുമതലകൾ പുനർനിർണയിച്ചിരുന്നു. 1988 - ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് യേശുവിനെ അറിയാത്ത ഭൂഖണ്ഡങ്ങളിൽ സുവിശേഷസന്ദേശമെത്തിക്കുക, ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ശേഷം നിർജ്ജീവരായി കഴിയുന്ന ജനതയെ പുനഃസുവിശേഷവത്കരണം നടത്തുക എന്നീ രണ്ട് ലക്ഷ്യങ്ങളോടെ ഈ തിരുസംഘത്തെ പുനഃസംഘടിപ്പിച്ച് സുവിശേഷവത്കരണതിരുസംഘമെന്ന് പുനഃനാമകരണം നടത്തിയത്.

സുവിശേഷവത്കരണതിരുസംഘത്തിന്റെ അനുദിനപ്രവർത്തനങ്ങൾ നടത്തുന്നത് കർദ്ദിനാൾമാരുടെയും വിവിധ വകുപ്പ് തലവന്മാരുടെയും സംഘമാണ്. ഈ തിരുസംഘത്തിൾ ഒരു പരമാധ്യക്ഷനും രണ്ട് സെക്രട്ടറിമാരും 41 കർദ്ദിനാൾമാരും 9 മെത്രാപ്പോലീത്താമാരും 3 മെത്രാന്മാരും വിവിധസമിതികളിലായി പ്രവർത്തിക്കുന്നു. വത്തിക്കാൻ കാര്യാലയത്തിലെ ഈ തിരുസംഘത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഏകീകരിച്ച് നിലനിർത്തുന്നത് ഒരു സെക്രട്ടറിജനറലാണ്. ലോകത്തിലെ രണ്ടായിരത്തിലധികമുള്ള രൂപതകളുടെ ഭരണനിയന്ത്രണം ഈ തിരുസംഘത്തിനാണ്. ഇന്ത്യയിലെ എല്ലാ ലത്തീൻ രൂപതകളും ഈ സംഘത്തിന്റെ കീഴിലാണെങ്കിലും സീറോ-മലബാർ, സീറോ-മലങ്കര രൂപതകൾ വത്തിക്കാൻ കാര്യാലയത്തിലെ പൗരസ്ത്യതിരുസംഘത്തിന്റെ കീഴിലാണ് നിലകൊള്ളുന്നത്. ഉർബൻ ഏഴാമൻ മാർപ്പാപ്പ 1627 - ൽ റോമിൽ സ്ഥാപിച്ച ഉർബാനിയൻ സർവ്വകലാശാലയും ഉർബാനിയൻ, സെന്റ് പീറ്റേഴ്സ്, സെന്റ് പോൾസ് കോളേജുകളും സുവിശേഷവത്കരണതിരുസംഘത്തിന്റെ മേൽനോട്ടത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1986 - ൽ മിഷൻപ്രവർത്തനം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട പരിശീലനകേന്ദ്രവും റോമിൽ ആരംഭിച്ചത് സുവിശേഷവത്കരണതിരുസംഘമാണ്.

സുവിശേഷവത്കരണതിരുസംഘത്തിന്റെ കീഴിലുള്ള നാല് പൊന്തിഫിക്കൽ സംഘടനകൾ

(1) വിശ്വാസപ്രചരണാർഥം പ്രാർഥനാചൈതന്യത്തിലൂടെ ദൈവവിളി വർദ്ധിപ്പിക്കുവാനായി 1822 - ഫ്രാൻസിലെ ലയോൺസിൽ പൗളിൻ യാരിക്കോട്ട് എന്ന വനിത ആരംഭിച്ച വിശ്വാസപ്രചരണസമൂഹം.

(2) ഫ്രാൻസിലെ നാൻസിയിൽ ബിഷപ്പായിരുന്ന ഫോർബിൻ ജാൻസൻ സ്ഥാപിച്ച കുട്ടികളുടെ സംഘടനയായ തിരുബാലസഖ്യം.

(3) സാധാരണ ക്രൈസ്തവരിൽ യേശുവിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനായി 1916 - ൽ ഇറ്റലിയിലെ വൈദികനായ പൗളോ മന്ന സ്ഥാപിച്ച സംഘടനയായ സുവിശേഷവത്കരണ ഐക്യം.

(4) മിഷൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അൽമായരുടെ രൂപീകരണത്തിനായി ധനം സ്വരൂപിക്കുവാനായി സ്റ്റെഫാനി ബിഗാർഡും മകൾ ജാനെയും ചേർന്ന് രൂപം നൽകിയ വിശുദ്ധ പത്രോസിന്റെ നാമത്തിലുള്ള സംഘടന.

കേന്ദ്രകാര്യാലയ സ്ഥാനം

റോമാനഗരത്തിലെ സ്പാനിഷ് സ്ക്വയറിലെ പിയാസ സ്പാഞ്ഞ എന്ന സ്ഥലത്തെ അതിബൃഹത്തായ ഒരു കെട്ടിടത്തിലാണ് തിരുസംഘത്തിന്റെ ആസ്ഥാനകാര്യാലയം സ്ഥിതി ചെയ്യുന്നത്.

(2/6) പൗരോഹിത്യതിരുസംഘം

1564 ഓഗസ്റ്റ് 2 - ന് സ്ഥാപിക്കപ്പെട്ട തിരുസംഘമാണ് പൗരോഹിത്യതിരുസംഘം. Congregatio Cardinalium Concilii Tridentini Interpretum എന്ന പേരിലാണ് പീയൂസ് നാലാമൻ മാർപ്പാപ്പ ഈ തിരുസംഘം സ്ഥാപിച്ചത്[9]. 1967 ഓഗസ്റ്റ് 15 - ന് Regimini Ecclesiae Universae എന്ന അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ വഴി പോൾ ആറാമാൻ മാർപ്പാപ്പയാണ് പൗരോഹിത്യതിരുസംഘം എന്ന് പുനർനാമകരണം ചെയ്തത്. ഗ്രിഗറി എട്ടാമൻ മാർപ്പാപ്പയും സിക്സ്തൂസ് അഞ്ചാമൻ മാർപ്പാപ്പയും അതാത് കാലഘട്ടങ്ങളിൽ ഈ തിരുസംഘത്തെ പുനഃസംഘടിപ്പിച്ചിരുന്നു. കത്തീഡ്രൽ ചാപ്റ്ററുകൾ, രൂപതാ പാസ്റ്ററൽ കൗൺസിലുകൾ, പ്രസ്ബിറ്ററൽ കൗൺസിലുകൾ, പാരിഷ് കൗൺസിലുകൾ, ഭക്തസംഘടനാപ്രവർത്തനങ്ങൾ, ഓറട്ടറികൾ, അർക്കൈവുകൾ, ലൈബ്രറികൾ എന്നിവയെല്ലാം ഈ തിരുസംഘത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

രൂപതാവൈദികരുടെ അച്ചടക്ക നടപടികളിൽ തീർപ്പ് കൽപ്പിക്കുന്നത് പൗരോഹിത്യതിരുസംഘമാണ്. പൗരോഹിത്യതിരുക്കർമ്മങ്ങൾ നടത്തുന്നതിൽ നിന്നും വൈദികരെ ഒഴിവാക്കുവാനുള്ള അവരുടെ ആവശ്യത്തിലും തീരുമാനം എടുക്കുന്നത് ഈ തിരുസംഘമാണ്. എന്നാൽ രൂപതാപുരോഹിതർക്കെതിരെയുള്ള ലൈംഗികപരാതികളിൽ തീരുമാനം നടപ്പാക്കുന്നത് വിശ്വാസതിരുസംഘമാണ്.

പൗരോഹിത്യതിരുസംഘത്തെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു.

  1. പുരോഹിതർക്കായുള്ള വിഭാഗം
  2. സർവത്രികസഭയുടെ മതബോധനവിഭാഗം
  3. സഭാപ്രവർത്തകരുടെ പിതൃസ്വത്തുക്കൾ കൈകാര്യം ചെയ്യുവാനുള്ള വിഭാഗം
പുരോഹിതർക്കായുള്ള വിഭാഗം

പൗരോഹിത്യതിരുസംഘത്തിലെ പുരോഹിതർക്കായുള്ള വിഭാഗമാണ് രൂപതാവൈദികർക്കും മെത്രാന്മാർക്കുമായുള്ള തുടർ പരിശീലനം നടത്തുന്നത്. ഇവർക്കു വേണ്ട നിർദേശങ്ങളും പ്രമാണരേഖകളും പ്രസിദ്ധം ചെയ്താണ് ഈ കടമകൾ സംഘം നിർവഹിക്കുന്നത്.

സർവത്രികസഭയുടെ മതബോധനവിഭാഗം

സഭയുടെ മതബോധനവിഭാഗം പ്രവർത്തനങ്ങൾ നടത്തുന്നത് പൗരോഹിത്യതിരുസംഘത്തിന്റെ കീഴിലാണ്. സഭയുടെ ആരംഭകാലം മുതൽ മതബോധനത്തിന് പ്രാധാന്യം കൽപ്പിച്ചിരുന്നു.

സഭാപ്രവർത്തകരുടെ പിതൃസ്വത്തുക്കൾ കൈകാര്യം ചെയ്യുവാനുള്ള വിഭാഗം

സഭാപ്രവർത്തകരുടെ പിതൃസ്വത്തുക്കൾ കൈകാര്യം ചെയ്യുവാനുള്ള പ്രത്യേകവിഭാഗം പൗരോഹിത്യതിരുസംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഇതിൽ കാനോൻനിയമത്തിലെ 1292 മുതൽ 1295 വരെയുള്ള നമ്പറുകളിൽ വരുന്ന സഭാപരമായ സ്വത്തുക്കളുടെ വിവരങ്ങൾ നടപ്പിലാക്കുന്നത് ഈ വിഭാഗമാണ്. കൂടാതെ വൈദികരുടെ ചികിത്സാ ആവശ്യങ്ങൾ, ജീവിതം നിലനിർത്തുവാനുള്ള വരുമാനം, പൗരോഹിത്യശുശ്രൂഷയിൽ നിന്നും വിരമിക്കുന്ന പുരോഹിതരുടെ വിശ്രമജീവിതം എന്നിവയ്ക്കാവശ്യമുള്ള സ്വത്തുവിവരങ്ങളും ഈ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്.

ഇൻസ്റ്റിറ്റ്യൂട്ടുകൾ

പൗരോഹിത്യതിരുസംഘത്തിന്റെ കീഴിൽ നാല് ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തിക്കുന്നു. പുരോഹിതരുടെ നൈപുണ്യങ്ങൾ മെച്ചപ്പെടുത്തുവാനായി വിശുദ്ധ പീയൂസിന്റെ നാമത്തിൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപ്പാപ്പ 1919 ഒക്ടോബർ 18 - ന് ഒരു കേന്ദ്രം സ്ഥാപിച്ചു. അജപാലനപ്രവർത്തനപരിശീലനം, പ്രസംഗകല, ഭരണനൈപുണ്യം എന്നിവ മെച്ചപ്പെടുത്തുവാനായി ഈ വിഭാഗം പരിശീലനം നൽകുന്നു. വിശ്വാസപരിശീലനത്തിനായി ഒരു അന്തർദേശീയ കൗൺസിൽ 1973 ജൂൺ 7 - ന് പോൾ ആറാമൻ മാർപ്പാപ്പ സ്ഥാപിച്ചിരിന്നു. ഇത് പൗരോഹിത്യതിരുസംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. വിശുദ്ധ ശുശ്രൂഷ എന്ന നാമത്തിൽ 1995 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഒരു വിഭാഗം സ്ഥാപിച്ചു. വൈദികർക്കുള്ള തുടർപരിശീലനം ഏർപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

മാഗസിൻ

പൗരോഹിത്യതിരുസംഘം പുറത്തിറക്കുന്ന മാഗസിനാണ് സാക്രം മിനിസ്റ്റേറിയം (Sacrum Ministerium). പൗരോഹിത്യതിരുസംഘത്തിന്റെ പ്രവർത്തനപരിപാടികളേക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ പ്രസിദ്ധം ചെയ്യുന്നു.

ആസ്ഥാനം

വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മുൻപിലുള്ള പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പയുടെ നാമത്തിലുള്ള സ്ക്വയറിലെ തിരുസംഘങ്ങളുടെ കൊട്ടാരത്തിലാണ് പൗരോഹിത്യതിരുസംഘത്തിന്റെ ആസ്ഥാനകാര്യാലയം സ്ഥിതി ചെയ്യുന്നത്.

(2/7) സന്യസ്തർക്കുള്ള തിരുസംഘം

സന്യാസജീവിതം നയിക്കുന്നവർക്കായി സിക്സ്തൂസ് അഞ്ചാമൻ മാർപ്പാപ്പയാണ് Sacred Congregation for Consultations about regulars എന്ന പേരിൽ 1586 മെയ് 27- ന് ഒരു തിരുസംഘം സ്ഥാപിച്ചത്. എന്നാൽ ക്ലെമന്റ് എട്ടാമൻ മാർപ്പാപ്പ 1601-ൽ ഈ തിരുസംഘത്തെ മെത്രാന്മാർക്കുള്ള തിരുസംഘത്തിൽ ലയിപ്പിച്ചു. പിന്നീട് മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം Sapienti Consilio എന്ന അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ വഴി വിശുദ്ധ പത്താം പീയൂസ് മാർപ്പാപ്പ 1908 ജൂൺ 29-ന്സന്യസ്തർക്കുള്ള തിരുസംഘമെന്ന പേരിൽ മെത്രാന്മാരുടെ തിരുസംഘത്തിൽ നിന്നും വിഭജിച്ച് പുന:സ്ഥാപിച്ചു. തുടർന്ന്1967 - പോൾ ആറാമൻ മാർപ്പാപ്പയും 1988 - ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും ഈ തിരുസംഘത്തെ രണ്ട്അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ വഴി പുന:സംഘടിപ്പിച്ചിരുന്നു.

സന്യസ്തർക്കുള്ള തിരുസംഘത്തിന്റെ കീഴിൽ സഭയിൽ, സന്യാസ ഓർഡറുകൾ, സന്യാസസഭകൾ, സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടുകൾ, അപ്പസ്തോലികസന്യാസസമൂഹങ്ങൾ (സുവിശേഷഉപദേശങ്ങൾ ഏറ്റെടുത്തുള്ള സ്ഥിരമായ ജീവിതം നയിക്കുന്നവർ) എന്നീ നാല്സമർപ്പിതസമൂഹങ്ങൾ നിലകൊള്ളുന്നു. കൂടാതെ മൂന്നാം സഭകളിലെ അല്മായരുടെയും ഉത്തരവാദിത്വങ്ങൾ ഈ തിരുസംഘത്തിന്റെ കീഴിലാണ്.

സന്യസ്തർക്കുള്ള തിരുസംഘം പ്രവർത്തിക്കുന്നത്കർദ്ദിനാൾ പദവിയുള്ള മെത്രാപ്പൊലീത്തായുടെ കീഴിലാണ്. പതിനാറംഗങ്ങളുള്ള ഒരു ഉപദേശകസമിതിയുടെ കീഴിലാണ്തിരുസംഘത്തിന്റെ പ്രവർത്തനം.

മാഗസിൻ

സന്യസ്തർക്കുള്ള തിരുസംഘത്തിന്റെ പ്രവർത്തങ്ങൾ പ്രസിദ്ധം ചെയ്യുന്നത് എന്ന മാഗസിനിലാണ്.

കാര്യാലയം

റോമിൽ വിയാകോൺചിലസിയോണയിലെ തിരുസംഘങ്ങളുടെ കൊട്ടാരത്തിലാണ്സന്യസ്തർക്കുള്ള തിരുസംഘത്തിന്റെ കേന്ദ്രകാര്യാലയം സ്ഥിതി ചെയ്യുന്നത്.

(2/8) വിദ്യാഭ്യാസത്തിനുള്ള തിരുസംഘം

പുരാതന കത്തോലിക്കാസർവ്വകലാശാലകളിലെ വിദ്യാഭ്യാസ മേൽനോട്ടത്തിനായി സ്ഥാപിക്കപ്പെട്ട തിരുസംഘമാണ് പരിണമിച്ച് വത്തിക്കാൻ കാര്യാലയത്തിലെ വിദ്യാഭ്യാസത്തിനുള്ള തിരുസംഘമായി രൂപം കൊണ്ടത്[10]. തുടർന്ന് പലകാലഘട്ടങ്ങളിലായി രൂപം കൊണ്ട മൂന്ന് തിരുസംഘങ്ങൾ ലയിപ്പിച്ചാണ് ഈ തിരുസംഘം രൂപം കൊണ്ടത്. റോം, ബൊളോഞ്ഞ, പാരീസ്, സലമാങ്ക എന്നിവിടങ്ങളിലെ കത്തോലിക്കാ സർവ്വകലാശാലകളുടെ വിദ്യാഭ്യാസമേഖലകൾ പരിശോധിക്കുവാനും മെച്ചപ്പെടുത്തുവാനുമായി 1588 - ൽ സിക്സ്തൂസ് അഞ്ചാമൻ മാർപ്പാപ്പ സ്ഥാപിച്ച സർവ്വകലാശാലകൾക്കുള്ള തിരുസംഘമാണ് ആദ്യത്തേത്. മാർപ്പാപ്പയുടെ സാമ്രാജ്യത്തിലെ വിദ്യാലയങ്ങളിലെ വിദ്യാഭ്യാസനിലവാരം വർദ്ധിപ്പിക്കുവാനായി 1824 - ൽ ലിയോ പന്ത്രണ്ടാമൻ മാർപ്പാപ്പ സ്ഥാപിച്ച തിരുസംഘമാണ് രണ്ടാമത്തേത്. സർവ്വകലാശാലകൾക്കുള്ള തിരുസംഘത്തിന്റെ രീതിയിലാണ് ഈ തിരുസംഘം സ്ഥാപിച്ചത്. തുടർന്ന് 1914 മുതൽ 1922 വരെ ബെനഡിക്ട് പതിനഞ്ചാമൻ മാർപ്പാപ്പയുടെ കാലഘട്ടത്തിൽ സെമിനാരി പരിശീലനത്തിനായി മറ്റൊരു തിരുസംഘവും സ്ഥാപിക്കപ്പെട്ടു. 1967 - ൽ പോൾ ആറാമൻ മാർപ്പാപ്പ ഈ മൂന്നു തിരുസംഘങ്ങളെയും കത്തോലിക്കാസ്ഥാപനങ്ങൾക്കുള്ള തിരുസംഘം എന്ന് നാമകരണം ചെയ്ത് ലയിപ്പിച്ചു. തുടർന്ന് 1988 - ൽ പാസ്തോർ ബോനൂസ് എന്ന അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ വഴി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് ഈ തിരുസംഘത്തെ നവീകരിക്കുകയും വിദ്യാഭ്യാസത്തിനുള്ള തിരുസംഘം എന്ന് പുനർനാമകരണം നടത്തുകയും ചെയ്തത്.

സെമിനാരി പരിശീലനം വിലയിരുത്തുവാനുള്ള അപ്പസ്തോലിക പ്രതിനിധി സന്ദർശനം, സെമിനാരികളുടെ റിപ്പോർട്ട് തയ്യാറാക്കൽ, റെക്ടർമാരുടെ നിയമനം, പുതുസെമിനാരി സ്ഥാപനം, കാലഘട്ടങ്ങൾക്കനുസരിച്ച് സെമിനാരി പരിശീലനത്തിനുള്ള നിർദ്ദേശം നൽകൽ, രൂപതകളിലും മിഷൻപ്രവർത്തനങ്ങൾക്കും വൈദികരുടെ നിയമനം എന്നീ പ്രവർത്തനങ്ങളാണ് പ്രധാനമായും ഈ തിരുസംഘത്തിന്റെ പ്രവർത്തനങ്ങൾ. കൂടാതെ ദൈവവിളി വർദ്ധനവിനായുള്ള പൊന്തിഫിക്കൽ സമിതിയും ഈ തിരുസംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസത്തിനുള്ള തിരുസംഘത്തെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.
  1. സഭയിലെ സെമിനാരി പരിശീലനത്തിനായും സന്യസ്തപരിശീലനത്തിനുമായുള്ള വിഭാഗം.
  2. സർവ്വകലാശാലകൾക്കും കോളേജുകൾക്കുമായുള്ള വിഭാഗം.
  3. സ്കൂളുകൾക്കായുള്ള വിഭാഗം.

കത്തോലിക്കാ സർവകലാശാലകളും കോളേജുകളും സ്കൂളുകളും വിദ്യാഭ്യാസത്തിനുള്ള തിരുസംഘത്തിന്റെ കീഴിലാണ് നില കൊള്ളുന്നത്. എന്നാൽ വേദപ്രചാരതിരുസംഘത്തിന്റെയും പൗരസ്ത്യതിരുസംഘത്തിന്റെയും കീഴിലുള്ള രൂപതകളിലെ വൈദികപരിശീലനവും സന്യസ്തപരിശീലനവും വിദ്യാഭ്യാസത്തിനുള്ള തിരുസംഘത്തിന്റെ കീഴിലല്ല സ്ഥിതി ചെയ്യുന്നത്. സഭയുടെ വിശ്വാസം നിലനിർത്തുന്നതു പുരോഹിതരായതിനാൽ പൗരോഹിത്യരൂപീകരണത്തിൽ സഭ വളരെയധികം ശ്രദ്ധ പതിപ്പിക്കുന്നു. സന്മനസുള്ള വ്യക്തികളിൽ നിന്നും തിരുസംഘം ശേഖരിക്കുന്ന സംഭാവനകൾ പൗരോഹിത്യ രൂപീകരണത്തിനായും സെമിനാരികളുടെ കെട്ടിടനിർമ്മാണത്തിനുമായി ചിലവഴിക്കുന്നു. സർവകലാശാലാ ചാൻസലർമാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും നിയമനവും സ്ഥലം മാറ്റവും ഈ തിരുസംഘമാണ് തീരുമാനിക്കുന്നത്.

ഉപദേശകസമിതി

കർദ്ദിനാൾ പദവിയുള്ള മെത്രാപ്പോലീത്തായാണ് തിരുസംഘത്തിന്റെ അധ്യക്ഷൻ. മെത്രാപ്പോലീത്തായാണ് തിരുസംഘത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നത്. കർദ്ദിനാൾമാരും, മെത്രാപ്പോലീത്താമാരും, മെത്രാന്മാരും ഉൾപ്പെടുന്ന 31 അംഗസമിതിയാണ് തിരുസംഘത്തിന്റെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്. ഇരുപത്തിയഞ്ചോളം പേർ തിരുസംഘത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനായി ആസ്ഥാനകാര്യാലയത്തിൽ പ്രവർത്തിക്കുന്നു.

മാഗസിൻ

തിരുസംഘത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി പ്രതിപാദിക്കുവാനായി സെമിനാരിയം (Seminarium) എന്ന മാഗസിൻ പ്രസിദ്ധം ചെയ്യുന്നു. കൂടാതെ വാർഷിക സ്ഥിതിവിവരക്കണക്കുകളും റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കുവാനായി ആനുവാരിയോ (Annuario) എന്ന പുസ്തകവും വർഷത്തിൽ പുറത്തിറക്കുന്നു.

(2/9) മെത്രാന്മാർക്കുള്ള തിരുസംഘം

തിരുസംഘങ്ങളിൽ അതിപുരാതനതിരുസംഘമാണ് മെത്രാന്മാർക്കുള്ള തിരുസംഘം[11]. വത്തിക്കാൻ കാര്യാലയത്തിൽ സഭയുടെ ആദ്യകാലം മുതൽ തന്നെ മെത്രാന്മാർക്കായി ഒരു വിഭാഗം പ്രവർത്തിച്ചിരുന്നു. എന്നാൽ 1588 ജനുവരി 22 - ന് സിക്സ്തൂസ് അഞ്ചാമൻ മാർപ്പാപ്പയാണ് ഈ തിരുസംഘത്തെ ഇന്നത്തെ രീതിയിലാക്കി മാറ്റുവാൻ തുടക്കം കുറിച്ചത്. പുതിയ രൂപതകൾ സ്ഥാപിക്കുക, നിലവിലുള്ളവയെ വിഭജിക്കുക എന്നീ പ്രവർത്തനങ്ങളായിരുന്നു ആദ്യകാലങ്ങളിൽ ഈ തിരുസംഘത്തിന്റെ പ്രധാന കടമകൾ. പിന്നീട് 1908 ജൂൺ 29 - ന് പീയൂസ് പത്താമൻ മാർപാപ്പ പ്രസിദ്ധം ചെയ്ത സാപിയെന്റി കോൺസിലിയോ (Sapienti Consilio) എന്ന അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ വഴി മെത്രാന്മാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ തിരുസംഘത്തിന്റെ കീഴിലാക്കി മാറ്റി. 1908 ഓഗസ്റ്റ് 15- ന് പ്രസിദ്ധം ചെയ്ത രെജിമിനി എക്ലേസി യൂണിവേഴ്സ് (Regimini Ecclesiae Universae) എന്ന അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ വഴി പോൾ ആറാമൻ മാർപാപ്പ ഈ തിരുസംഘം പ്രവർത്തനവീകരണം നടത്തി പുനർനാമകരണം ചെയ്തു. 1988 - ൽ പാസ്തോർ ബോനൂസ് എന്ന അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ വഴി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ നൽകിയ നിർദ്ദേശങ്ങൾ വഴിയാണ് മെത്രാന്മാർക്കുള്ള തിരുസംഘം ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഈ തിരുസംഘത്തിന്റെ ഏറ്റവും പ്രധാന ദൗത്യം മെത്രാന്മാരെ തിരഞ്ഞെടുത്ത് നിയമനം നടത്തുക എന്നതാണ്. ഇത് ഏറെ ശ്രമകരവും സങ്കീർണ്ണവുമായ ഒരു പ്രവർത്തിയാണ്. മെത്രാന്മാരുടെ രാജി പ്രഖ്യാപിക്കുന്നതും മെത്രാന്മാർക്കെതിരെ അച്ചടക്കനടപടികൾ അതീവരഹസ്യമായി നടപ്പിലാക്കുന്നതും ഈ തിരുസംഘമാണ്. സഭയുടെ കീഴിലുള്ള മെത്രാന്മാർ അഞ്ചു വർഷത്തിലൊരിക്കൽ ജനത്തെയും രൂപതയെയും കുറിച്ചുള്ള വിശദവിവരങ്ങൾ വത്തിക്കാൻ കാര്യാലയത്തിലെ പല വകുപ്പുകളെയും ഏൽപ്പിക്കേണ്ടതാണ്. ഈ അവസരത്തിൽ റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലും വിശുദ്ധ പൗലോസിനെ അടക്കം ചെയ്തിട്ടുള്ള റോമിനു പുറത്തുള്ള സെന്റ് പോൾ ബസിലിക്കയിലും മെത്രാന്മാർ ദിവ്യബലി അർപ്പിക്കും. ഈ സന്ദർശനം ആദ്‌ലിമിന (ad limina) എന്നറിയപ്പെടുന്നു. ഈ അവസരത്തിലാണ് മെത്രാന്മാർ വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ മാർപാപ്പായോടുള്ള വിധേയത്വം പ്രഖ്യാപിക്കുന്നത്.

375 മുതൽ 411 വരെയുള്ള കാനോൻ നിയമത്തിൽ മെത്രാന്മാരെക്കുറിച്ച് പ്രതിപാദിക്കുന്നു. ക്രിസ്തു ശിഷ്യനായ യൂദാസിനു പകരം മത്തിയാസിനെ നറുക്കിട്ടു തിരഞ്ഞെടുത്ത കാലം മുതൽ അപ്പസ്തോല തിരഞ്ഞെടുപ്പുകൾ വളരെ സങ്കീർണ്ണമായാണ് സഭയിൽ നിലനിൽക്കുന്നത്. മെത്രാന്മാരായി തിരഞ്ഞെടുക്കപ്പെടുന്ന വൈദികന്മാരെപ്പറ്റി ചർച്ചകൾ നടത്തി തീരുമാനം എടുക്കുന്നത് വത്തിക്കാൻ കാര്യാലയം വിലക്കിയിട്ടുണ്ട്.

ഉപദേശകസമിതി

കർദ്ദിനാൾ പദവിയുള്ള ആർച്ച്ബിഷപ്പാണ് ഈ തിരുസംഘത്തിന്റെ അധ്യക്ഷൻ. ഈ അധ്യക്ഷന്റെ കീഴിൽ 24 അംഗസമിതിയാണ് തിരുസംഘത്തിനുള്ള പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്.

ആസ്ഥാനകാര്യാലയം

മെത്രാന്മാർക്കുള്ള തിരുസംഘത്തിന്റെ പ്രധാന കാര്യാലയം പ്രവർത്തിക്കുന്നത് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ സമീപമുള്ള തിരുസംഘങ്ങളുടെ കൊട്ടാരത്തിലാണ്. കൂടാതെ ലത്തീൻ അമേരിക്കയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ കാര്യാലയം പ്രവർത്തിക്കുന്നത് വിയാ ദെല്ലാ കോൺചിലസിയോണയിലെ വിശുദ്ധ പൗലോസിന്റെ കൊട്ടാരത്തിലുമാണ്.

(3) പരമോന്നതകോടതികൾ

വത്തിക്കാൻ കാര്യാലയത്തിലെ മൂന്നാമത്തെ വിഭാഗമാണ് പരമോന്നതകോടതികൾ. കോടതിപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇവയെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.

(3/1) അപ്പസ്തോലിക പാപപരിഹാര കാര്യാലയം

ശിക്ഷണനടപടികൾ, സഭാഭൃഷ്ട്, കൗദാശികതടസങ്ങൾ, ദണ്ഡവിമോചനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന കാര്യാലയമാണ് അപ്പസ്തോലിക പാപപരിഹാര കാര്യാലയം അഥവാ അപ്പസ്തോലിക പെനിറ്റൻഷറി[12]. കാരുണ്യത്തിന്റെ കോടതി എന്നും ഇതറിയപ്പെടുന്നു. അപ്പസ്തോലിക പാപപരിഹാര കാര്യാലയം സ്ഥാപിതമായത് ഒണോറിയോസ് മൂന്നാമൻ മാർപാപ്പയുടെ (1216-1227) കാലഘട്ടത്തിലാണ്. തുടർന്ന് വന്ന ബെനഡിക്ട് പന്ത്രണ്ടാമൻ (1334-1342), യൂജിൻ നാലാമൻ (1431-1447), അലക്സാണ്ടർ ആറാമൻ (1492-1503), പീയൂസ് അഞ്ചാമൻ ( 1566-1572), പീയൂസ് പതിനൊന്നാമൻ (1922-1939), ജോൺ പോൾ രണ്ടാമൻ (1978-2005) എന്നിവരുടെ കാലഘട്ടങ്ങളിൽ ഈ കാര്യാലയം നവീകരിച്ചിരുന്നു.

(3/2) ഉന്നത അപ്പീൽ കോടതി

രൂപതാകോടതികളുടെ പരമോന്നത അപ്പീൽകോടതിയായി പ്രവർത്തിക്കുന്ന സഭാകോടതിയാണ് ഉന്നത അപ്പീൽ കോടതി അഥവാ അപ്പസ്തോലിക സിഞ്ഞത്തൂരാ. സാർവ്വത്രികസഭയിൽ നീതിനിർവഹണം ഉറപ്പുവരുത്തുന്നതും സഭാകോടതികൾ സ്ഥാപിക്കുന്നതും ന്യായാധിപനിയമനം നടപ്പിലാക്കുന്നതും ഈ വിഭാഗമാണ്. സാർവ്വത്രികസഭയിലെ ഉന്നത അപ്പീൽ കോടതിയാണ് റോമൻ റോത്തായെങ്കിലും വിധിയിലുണ്ടാകുന്ന സംശയങ്ങൾക്ക് അന്തിമതീർപ്പ് കല്പിക്കുന്നത് ഈ വിഭാഗമാണ്.

(3/3) റോമൻറോത്താ

കത്തോലിക്കാസഭയിലെ പരമോന്നതകോടതിയായി പ്രവർത്തിക്കുന്നു. രൂപതാകോടതികൾക്ക് പരിഗണിക്കുവാൻ സാധ്യമല്ലാത്ത കേസുകളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. മെത്രാന്മാർ കക്ഷികളായുള്ള കേസുകൾ റോമൻറോത്തായാണ് നടത്തുന്നത്. പ്രധാനമായും രൂപതാകോടതികൾ പരിഗണിക്കുവാൻ സാധ്യമല്ലാത്ത കേസുകളാണ് ഇവിടെ പരിഗണിക്കുന്നത്.

(4) പൊന്തിഫിക്കൽ കൗൺസിലുകൾ

പതിനൊന്ന് പൊന്തിഫിക്കൽ കൗൺസിലുകളാണ് വത്തിക്കാൻ കാര്യാലയത്തിന്റെ മേൽനോട്ടത്തിലുള്ളത്.

(4/1)അൽമായർക്കുള്ള പൊന്തിഫിക്കൽ കൗൺസിൽ

വത്തിക്കാൻ കാര്യാലയത്തിലുള്ള ഒരു സമിതിയാണ് അൽമായർക്കുള്ള പൊന്തിഫിക്കൽ കൗൺസിൽ[13]. ഈ വിഭാഗം അൽമായരുടേതായ കാര്യങ്ങളിൽ മാർപ്പാപ്പയെ സഹായിക്കുന്നു. സഭാ ജീവിതത്തിലും ദൗത്യത്തിലും അൽമായരെ രൂപീകരണം നടത്തുവാനായാണ് കൗൺസിൽ രൂപം കൊണ്ടത്. പൊന്തിഫിക്കൽ കൗൺസിലുകളിൽ പ്രഥമസ്ഥാനം ഈ കൗൺസിലിനാണ്. 1967 ജനുവരി 6-ന് പോൾ ആറാമം മാർപാപ്പയാണ് രണ്ടാം വത്തിക്കാൻ കൗണിലിനെത്തുടർന്ന് ഈ കൗൺസിൽ സ്ഥാപിച്ചത്. തുടർന്ന് 1976 ഡിസംബർ 10-ന് ഇതേ മാർപാപ്പ തന്നെ കൗൺസിൽ നവീകരിക്കുകയും വത്തിക്കാൻ കാര്യാലയത്തിന്റെ ഭാഗമാക്കുകയും ചെയ്തു. സഭയുടെ ആരംഭം മുതൽ തന്നെ അൽമായർക്ക് സഭയുടെ പ്രവർത്തനങ്ങളിൽ പങ്കുണ്ടായിരുന്നു. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിലിനെത്തുടർന്നാണ് അൽമായരുടെ പ്രവർത്തനങ്ങളെപ്പറ്റി സാർവ്വത്രികസഭ വ്യക്തമായ നിർവചനം നൽകിയത്.

1988 ജൂൺ 28 ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് പാസ്തോർ ബോനൂസ് എന്ന അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ വഴി അൽമായർക്കുള്ള പൊന്തിഫിക്കൽ കൗൺസിലിന് പ്രഥമ ഗണനീയ സ്ഥാനം നൽകി നവീകരണം നടത്തിയത്. സഭയിലെ അൽമായ സംഘടനകൾ, ഭക്തസംഘടനകൾ, അൽമായർക്കുള്ള സന്യാസ മൂന്നാം സഭകൾ എന്നിവയെല്ലാം ഈ കൗൺസിലിന്റെ കീഴിൽ വരുന്നു. സഭയിലെ പൊന്തിഫിക്കൽ കൗൺസിലുകളെല്ലാം ഒരു പ്രത്യേക വിഭാഗങ്ങൾക്കായുള്ളതാണ്, എന്നാൽ അൽമായർക്കുള്ള ഈ കൗൺസിൽ അൽമായരുടെ ജീവിതാവവസ്ഥയ്ക്കു മാത്രമായുള്ളതാണ്. ഇതിൽ അൽമായരുടെ മഹനീയതയും പവിത്രതയും നിലനിർത്തുവാനും സൂക്ഷിക്കുവാനുമുള്ള പ്രതിബദ്ധതയും സഭയിൽ അൽമായരുടെ ദൗത്യവും കൂട്ടായ്മയും നിലനിർത്തുവാനുള്ള ഉത്തരവാദിത്വവും അൽമായർക്കുള്ള പൊന്തിഫിക്കൽ കൗൺസിലിനുണ്ട്.

അൽമായസംഘടനകൾക്കും അൽമായനവീകരണപ്രസ്ഥാനങ്ങൾക്കുമുള്ള വിഭാഗം, വനിതകൾക്കായുള്ള വിഭാഗം, യുവജനങ്ങൾക്കായുള്ള വിഭാഗം എന്നിങ്ങനെ മൂന്നു പ്രത്യേക മേഖലകൾ വഴിയാണ് അൽമായർക്കുള്ള പൊന്തിഫിക്കൽ കൗൺസിൽ അതിന്റേതായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഈ കൗൺസിലിന്റെ തന്നെ ഉപദേശകസമിതിയാണ് കൗൺസിലിനെ നിയന്ത്രിക്കുന്നത്. ഉപദേശകസമിതിയിൽ വ്യത്യസ്തമേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള അൽമായരെ മാർപ്പാപ്പ നിയമിക്കുന്നു. ഈ ഉപദേശക സമിതിയെ ഓരോ അഞ്ചു വർഷം കൂടുമ്പോളും പുതുക്കാറുണ്ട്. അൽമായർക്കുള്ള പൊന്തിഫിക്കൽ കൗൺസിൽ രൂപതകൾക്കും പ്രാദേശിക സഭകൾക്കും പ്രബോധനലേഖകൾ പുറത്തിറക്കുക വഴി നിർദ്ദേശങ്ങൾ നൽകുകയും അന്തർദേശീയ കോൺഫറൻസുകൾ സംഘടിപ്പിക്കുകയും സെമിനാറുകൾ നടത്തുകയും ചെയ്യുന്നു.

അൽമായർക്കുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ നേതൃത്വത്തിലാണ് 1987 - ൽ ബിഷപ്പ് സിനഡ് സംഘടിപ്പിച്ചത്. സഭയിൽ അൽമായരുടെ വിളിയും ദൗത്യവും എന്ന വിഷയമായിരുന്നു സിനഡിൽ ചർച്ച ചെയ്തത്. ഈ സിനഡിലെ തീരുമാനങ്ങൾ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1988 - ൽ അൽമായ വിശ്വാസികൾ (Christi fideles Laici) എന്ന നാമത്തിൽ അപ്പസ്തോലിക ആഹ്വാനമായി പ്രസിദ്ധീകരിച്ചു. ക്രിസ്തുവിന്റെ പ്രവാചക - പൗരോഹിത്യ - രാജകീയ ദൗത്യങ്ങളിലെ അൽമായർക്കുള്ള പങ്കാണ് ഈ പ്രബോധന രേഖയിൽ വിവരണം ചെയ്തിരിക്കുന്നത്. അൽമായരൂപീകരണത്തിനായി മെത്രാന്മാർക്ക് പ്രത്യേക പരിശീലനം നൽകുന്ന ഈ കൗൺസിൽ നാനാ രാജ്യങ്ങളിലെ വിവിധ മെത്രാന്മാരുടെ കൗൺസിൽ, ബിഷപ്പ് കോൺഫറൻസുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. കൗൺസിൽ ഇത്തരം പരിശീലനപരിപാടികൾ നടപ്പിലാക്കുന്നത് ആദ്‌ലിമിനാ സന്ദർശന വേളയിലാണ്.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് 1968 - ൽ അൽമായർക്കുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ കീഴിൽ യുവാക്കൾക്കായുള്ള വകുപ്പ് രൂപീകരിച്ചത്. 1985 - ൽ പുറത്തിറക്കിയ യുവാക്കൾക്കായുള്ള അപ്പസ്തോലിക പ്രമാണത്തിൽ ജോൺ പോൾ മാർപ്പാപ്പ, യുവാക്കളുടെ രൂപീകരണത്തിൽ സഭയ്ക്ക് പ്രത്യേകമായ ദൗത്യമുണ്ടെന്ന് വിശദീകരിക്കുകയും തന്റെ കാലഘട്ടത്തിൽ റോമിൽ സാൻ ലോറൻസ എന്ന പേരിൽ യുവജന നേതാക്കൾക്കായുള്ള അന്തർദേശീയ പരിശീലന കേന്ദ്രം സ്ഥാപിക്കുകയും ഇപ്പോഴും പ്രവർത്തിക്കുകയും ചെയ്യുന്നു. സഭയുടെ സ്പോർട്ട്സിനുള്ള കാര്യാലയം യുവജനങ്ങൾക്കായുള്ള വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. 1991 മുതൽ എല്ലാവിധ പരിശീലന പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണത്തിനായി ഒരു പ്രത്യേക വിഭാഗം ഈ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

(4/2) ക്രൈസ്തവഐക്യത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ

ഇരുപത്തിരണ്ട് സഭകൾ ചേർന്ന കത്തോലിക്കാ സഭയിൽ അംഗങ്ങളല്ലാത്ത മറ്റു സഭകളും നിലവിലുണ്ട്. ഈ സഭകളുടെ ഐക്യത്തിനും സംയോജിത പ്രവർത്തനത്തിനുമായുള്ള വത്തിക്കാൻ കാര്യാലയത്തിലെ ഒരു വിഭാഗമാണ് ക്രൈസ്തവഐക്യത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ (Secretariat for Promoting Christian Unity). ക്രൈസ്തവ ഐക്യത്തിനുള്ള വിഭാഗമെന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിനെത്തുടർന്നാണ് ഈ വിഭാഗം രൂപം കൊണ്ടത്. എന്നാൽ 1960 ജൂൺ 5-ന് വാഴ്ത്തപ്പെട്ട ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയാണ് ഈ പൊന്തിഫിക്കൽ കൗൺസിൽ ആരംഭിച്ചത്. സഭയുടെ ചരിത്രത്തിൽ വളരെ നിർണ്ണായകമായിരുന്നു കൗൺസിലിന്റെ തുടക്കം. പുരാതന പൗരസ്ത്യസഭകൾക്കും ഓർത്തഡോക്സ് സഭകൾക്കുമായി ഒരു വിഭാഗവും സഭയിലല്ലാത്ത പാശ്ചാത്യസഭകൾക്കായി മറ്റൊരു വിഭാഗവുമായി ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ 1963-ൽ പൊന്തിഫിക്കൽ കൗൺസിലിനെ രണ്ടായി വിഭജിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1988 ജൂൺ 28-ന് പാസ്തോർ ബോനൂസ് എന്ന അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ വഴി നിലവിലുണ്ടായിരുന്ന വകുപ്പിനെ ക്രൈസ്തവഐക്യത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ എന്ന് പുനർനാമകരണം ചെയ്തു.

(4/3)കുടുംബത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ

(4/4)നീതിക്കും സമാധാനത്തിനുമുള്ള പൊന്തിഫിക്കൽ കൗൺസിൽ

(4/5)സാമൂഹികസേവനത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ

(4/6)പ്രവാസികൾക്കുള്ള പൊന്തിഫിക്കൽ കൗൺസിൽ

(4/7) ആതുരശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിൽ

(4/8)സഭാനിയമവ്യാഖ്യാനത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ

(4/9) മതാന്തരസംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ

(4/10)സംസ്കാരത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ

(4/11)സാമൂഹികസമ്പർക്കമാധ്യമങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ

(5) മെത്രാന്മാരുടെ സിനഡുകൾ

(6) കേന്ദ്രകാര്യാലയങ്ങൾ

(7) പൊന്തിഫിക്കൽ കമ്മീഷനുകൾ

(8) സ്വിസ്സ് ഗാർഡ്

(9) പരിശുദ്ധസിംഹാസത്തിൻ കീഴിലുള്ള സ്ഥാപനങ്ങൾ

(10) അപ്പസ്തോലിക ലേബർ കാര്യാലയം

(11) പൊന്തിഫിക്കൽ അക്കാഡമികൾ

(12) പൊന്തിഫിക്കൽ സമിതികൾ

അവലംബം

  1. വത്തിക്കാൻ കാര്യാലയം, ഡോ. സ്റ്റീഫൻ ആലത്തറ, പി.ഒ.സി. പ്രസിദ്ധീകരണം, പേജ് 9 - 12.
  2. The Holy See is often referred to as "the Vatican", a word of many meanings, since it can refer to the geographical area, known by that name even before Christianity, to the residence of the Pope, to the Holy See, and to the State of Vatican City, which was created in 1929
  3. വത്തിക്കാൻ കാര്യാലയം, ഡോ. സ്റ്റീഫൻ ആലത്തറ, പി.ഒ.സി. പ്രസിദ്ധീകരണം, പേജ് 10
  4. വത്തിക്കാൻ കാര്യാലയം, ഡോ. സ്റ്റീഫൻ ആലത്തറ, പി.ഒ.സി. പ്രസിദ്ധീകരണം, പേജ് 10
  5. വത്തിക്കാൻ കാര്യാലയം, ഡോ. സ്റ്റീഫൻ ആലത്തറ, പി.ഒ.സി. പ്രസിദ്ധീകരണം, പേജ് 10 - 11
  6. വത്തിക്കാൻ കാര്യാലയം, ഡോ. സ്റ്റീഫൻ ആലത്തറ, പി.ഒ.സി. പ്രസിദ്ധീകരണം, പേജ് 33 - 36
  7. വത്തിക്കാൻ കാര്യാലയം, ഡോ. സ്റ്റീഫൻ ആലത്തറ, പി.ഒ.സി. പ്രസിദ്ധീകരണം പേജ് 37 - 41
  8. വത്തിക്കാൻ കാര്യാലയം, ഡോ. സ്റ്റീഫൻ ആലത്തറ, പി.ഒ.സി. പ്രസിദ്ധീകരണം, പേജ് 42 - 45
  9. വത്തിക്കാൻ കാര്യാലയം, ഡോ. സ്റ്റീഫൻ ആലത്തറ, പി.ഒ.സി. പ്രസിദ്ധീകരണം, പേജ് 46 - 49
  10. വത്തിക്കാൻ കാര്യാലയം, ഡോ. സ്റ്റീഫൻ ആലത്തറ, പി.ഒ.സി. പ്രസിദ്ധീകരണം, പേജ് 54 - 58
  11. വത്തിക്കാൻ കാര്യാലയം, ഡോ. സ്റ്റീഫൻ ആലത്തറ, പി.ഒ.സി. പ്രസിദ്ധീകരണം, പേജ് 59 - 62
  12. വത്തിക്കാൻ കാര്യാലയം, ഡോ. സ്റ്റീഫൻ ആലത്തറ, പി.ഒ.സി. പ്രസിദ്ധീകരണം, പേജ് 20
  13. വത്തിക്കാൻ കാര്യാലയം, ഡോ. സ്റ്റീഫൻ ആലത്തറ, പി.ഒ.സി. പ്രസിദ്ധീകരണം, പേജ് 63 - 67

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വത്തിക്കാൻ_കാര്യാലയം&oldid=1011154" എന്ന താളിൽനിന്ന് ശേഖരിച്ചത്