ദക്ഷിണേന്ത്യൻ കലയും വാസ്തുവിദ്യയും
ഭാരതത്തിന്റെ ദക്ഷിണഭാഗങ്ങളിൽ വളർന്നു വികസിച്ച സവിശേഷ കലകളും വാസ്തുവിദ്യാ രീതികളും. ഇത് ഗുഹാക്ഷേത്രങ്ങൾ മുതൽ വൻ ഗോപുരങ്ങൾ ഉള്ള ക്ഷേത്രസമുച്ചയങ്ങൾ വരെയും വിഭിന്ന നാടോടി കലാരൂപങ്ങൾ മുതൽ കഥകളി തുടങ്ങിയ ക്ലാസ്സിക് കലാരൂപങ്ങൾ വരെയും വൈവിധ്യമാർന്നു നില്ക്കുന്നു.
ക്രിസ്തുവിനു മുമ്പുതന്നെ ദക്ഷിണേന്ത്യയിൽ സവിശേഷമായ ഒരു വാസ്തു-കലാ സംസ്കാരം ഉടലെടുത്തിരുന്നു. അതിനെ കരുപ്പിടിപ്പിക്കുന്നതിൽ ബുദ്ധ - ജൈന - ഹൈന്ദവ മതങ്ങൾക്ക് നിർണായക പങ്കുണ്ട്. ചാലൂക്യർ, പല്ലവർ, ചോളർ, പാണ്ഡ്യർ, ചേരർ എന്നീ രാജവംശാവലികൾക്കും അവയിലെ രാജാക്കന്മാർക്കും ഇക്കാര്യത്തിലുള്ള പങ്ക് വളരെ വലുതാണ്.
ബുദ്ധ വാസ്തുശൈലി
ബുദ്ധ വാസ്തുശൈലിയിൽ പ്രധാനം ചൈത്യങ്ങളും വിഹാരങ്ങളുമാണു്. ചൈത്യങ്ങൾ (സ്തൂപങ്ങൾ) കട്ടികൂടിയ പാറയിൽ കൊത്തിയെടുത്ത വലിയ ആരാധനാലയങ്ങളാണു്. സന്യാസിമഠങ്ങളാണു വിഹാരങ്ങൾ. ഇവ ഗുഹാക്ഷേത്രങ്ങളെന്നും ഗുഹകളെന്നും വ്യവഹരിക്കപ്പെടാറുണ്ടെങ്കിലും യഥാർഥത്തിൽ, പെഴ്സിബ്രൗൺ അഭിപ്രായപ്പെട്ടതുപോലെ ബൃഹത് 'ശിലാവാസ്തു ശില്പ'ങ്ങൾ തന്നെയാണു്. ബി.സി. ഒന്നും രണ്ടും ശതകങ്ങളിലെ പ്രധാന ചൈത്യശാലകൾ ഇവയാണു്:- ഭാജ, കൊണ്ടെയിൻ, പിതാൽകൊഹ്ര, അജന്ത, ബൈദ്സാ, നാസിക്, കർലേ. എ.ഡി. രണ്ടാം നൂറ്റാണ്ടിലെ കൽഹേരി ചൈത്യങ്ങളോടുകൂടി ചൈത്യശാലകളുടെ പരമ്പര അവസാനിക്കുന്നു. ആദ്യ മാതൃകകളിൽ ഉള്ളിലേക്കു ചാഞ്ഞ അഷ്ടഭുജാകൃതിയിലുള്ള സ്തംഭ നിരകളാണുള്ളതു്. ഒടുവിലുള്ള മാതൃകകളിൽ ഈ ചായ് വ് അപ്രത്യക്ഷമാവുകയും സ്തംഭനിര ശീർഷത്തോടും പീഠത്തോടുംകൂടി കൂടുതൽ അലങ്കൃതമാവുകയും ചെയ്യുന്നു. ഗുഹാമുഖത്തിന്റെ പ്രവേശഭാഗത്തുള്ള ലാടാകാരമായ കമാനവീഥിയിലും കാലാനുസൃതമായ പരിണാമം കാണാം.
ജൈനകല
ഒറീസയിലെ ഖണ്ഡഗിരിയിലെയും ഉദയഗിരിയിലെയും ജൈന സന്ന്യാസിമഠങ്ങളാണ് ദക്ഷിണേന്ത്യൻ ജൈനകലയുടെ ആദിമരൂപങ്ങൾ. ഗുംഭങ്ങൾ എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ഇവയിൽ തുടങ്ങുന്ന ജൈനകലയുടെ വിസ്മയകരമായ വളർച്ചയ്ക്കു നിദാനങ്ങളാണ് എല്ലോറയിലെയും എലിഫന്റയിലെയും ശില്പ സഞ്ചയം.
ദക്ഷിണേന്ത്യൻ ബൗദ്ധകലയ്ക്ക് ആന്ധ്രയിലുണ്ടായ വികാസ പരിണാമങ്ങൾക്കു നിദർശനമാണ് ഗുണ്ടുപ്പള്ളി (കൃഷ്ണാ ജില്ല), സങ്കരപട്ടണം (വിശാഖപട്ടണം ജില്ല) എന്നിവിടങ്ങളിലെ ശിലാകൃത വാസ്തുവിദ്യാ മാതൃകകൾ. ഇവ ബെർഹത്, സാഞ്ചി എന്നീ പുരാതന കലാരീതികളുടെയും മധ്യകാല ഹൈന്ദവകലയുടെയും സംയുക്ത ശോഭ പരത്തുന്നവയാണ്. ആന്ധ്രയിലെ ബൌദ്ധവാസ്തുകലയുടെ വികസിത മാതൃകകൾ ഗോലി, ജലായപേട്ട, ഭട്ടിപ്രോലു, ഘണ്ടശാല, അമരാവതി, നാഗാർജുനകൊണ്ട എന്നിവിടങ്ങളിൽ കാണാം. അയ്ഹോൾ, മഹാബലിപുരം എന്നിവിടങ്ങളിലെ ശില്പശൈലിയെ മുൻകൂട്ടി പ്രവചിക്കുന്നവയും പ്രതിഫലിപ്പിക്കുന്നവയുമാണ് അമരാവതിയിലെ ശില്പങ്ങൾ. അവയിൽ റോമൻ സ്വാധീനവും ഒട്ടൊക്കെ ഉള്ളതായി വാസ്തുകലാ ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ ക്ഷേത്രവാസ്തുവിദ്യ
ദക്ഷിണേന്ത്യയിലെ ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യയുടെ ആരംഭം നാഗാർജുനകൊണ്ടയിലെ ഇക്ഷ്വാകുകളുടെ ഇഷ്ടികാനിർമിതമായ പുരാതന ക്ഷേത്രങ്ങളിൽ നിന്നാണെന്നു കരുതപ്പെടുന്നു. അടുത്ത ഘട്ടം അയ്ഹോളിലും അതിനടുത്തുമായി എ.ഡി. 600ലുണ്ടായ ക്ഷേത്രസമുച്ചയത്തിലാണ് കാണപ്പെടുന്നത്. അയ്ഹോൾ ക്ഷേത്രസമുച്ചയങ്ങളിലൊന്നിന്റെ പുറത്തെ കോണുകളിലുള്ള ചുമർത്തുണൂകളിൽ ദ്രാവിഡ കലാസമ്പ്രദായത്തിന്റെ പിറവിയുടെ സൂചന കാണാമെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തര-ദക്ഷിണ ഭാരത ദേശങ്ങളിലെ ക്ഷേത്ര വാസ്തുവിദ്യയിലെ ഒരു മുഖ്യ വൈജാത്യം ഇതാണ്. ഉത്തരേന്ത്യയിൽ പൊതുവേ വൃത്താകൃതിയിലാണ് ഗർഭഗൃഹത്തിനു മുകളിലുള്ള ശിഖരം കാണപ്പെടുന്നത്. എന്നാൽ തെക്ക്, ഒന്നിനൊന്ന് വലുപ്പം കുറയുന്ന ചതുരാകൃതിയിലുള്ള തട്ടുകളായാണ് അത് ഉയരുന്നത്.
ദക്ഷിണേന്ത്യൻ വാസ്തുകലയുടെ ഒരു സവിശേഷ ചാലകശക്തിയായിരുന്നു ചാലൂക്യന്മാർ. ചാലൂക്യരാജാക്കന്മാർ ശില്പകലയ്ക്ക് വമ്പിച്ച പ്രോത്സാഹനം നല്കി. പുലികേശി രണ്ടാമൻ കലാകാരന്മാരുടെയും ശില്പികളുടെയും വലിയ പുരസ്കർത്താവായിരുന്നു. ഇദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളിലൂടെയാണ് അജന്തയിലെ ശില്പവിസ്മയം സാക്ഷാത്കരിക്കപ്പെട്ടത്. സവിശേഷമായ ചാലൂക്യ കലാശൈലിയുടെ ഉത്തമ മാതൃക ബാദാമിയിൽനിന്ന് പത്തുമൈൽ അകലെയുള്ള പട്ടടയ്ക്കൽ ക്ഷേത്ര സമുച്ചയമാണ്.
പല്ലവരാജവംശത്തിന്റെ സംഭാവനകൾ
ദക്ഷിണേന്ത്യൻ വാസ്തുകലയെ സമ്പന്നമാക്കുന്നതിൽ പല്ലവരാജവംശത്തിന്റെ സംഭാവനകളും വളരെ മികച്ചതാണ്. ശിലാ വാസ്തുവിദ്യയിൽനിന്ന് കല്ലുകളാൽ കെട്ടിയുയർത്തപ്പെടുന്ന തരം നിർമിതികളിലേക്ക് വാസ്തുശൈലി വഴിമാറുന്നതു് പല്ലവരുടെ കീഴിലാണു്. പല്ലവരാജാക്കന്മാരിൽ മഹേന്ദ്രവർമൻ ഒന്നാമന്റെ കാലത്താണ് ദക്ഷിണേന്ത്യൻ ശില്പകല ഇത്തരത്തിൽ പുതുമാർഗം തേടിത്തുടങ്ങിയതു്. ഒറ്റക്കൽ രഥങ്ങളും കൽത്തൂൺ മണ്ഡലങ്ങളും ഇക്കാലത്തെ സവിശേഷതകളായിരുന്നു. തിരുച്ചിറപ്പള്ളി തിരുക്കഴക്കുന്റം, ദളവന്നൂർ, മണ്ടവപ്പത്തു എന്നിവിടങ്ങളിലെ നിർമിതികൾ പല്ലവ കലയുടെ മികച്ച മാതൃകകളാണ്. പല്ലവ മണ്ഡപങ്ങൾക്ക് സമകാലികവും ഏറെക്കുറെ അതേ ശൈലിയിലുമായിരുന്നു പാണ്ഡ്യനാട്ടിൽ ശിലാകൃത മണ്ഡപങ്ങൾ ഉണ്ടായത്. തിരുപ്പറകുന്റം, സിംഗപ്പെരുമാൾ കോവിൽ തുടങ്ങിയവ ഈ വിഭാഗത്തിലെ ആദ്യകാല മാതൃകകളാണ്. പല്ലവ ചിത്രകലാ ശൈലിയുടെ മികച്ച മാതൃകകൾ ചിത്തന്നവാസലിൽ കാണാം. പുതുക്കോട്ടയ്ക്കു 12 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചിത്തന്നവാസൽ ഗുഹാക്ഷേത്രത്തിലെ ചിത്രങ്ങൾ ലഘുരേഖകൾ കൊണ്ടും ഏറ്റവും കുറച്ചു ചായങ്ങൾകൊണ്ടും വരച്ചവയാണ്. വരകളുടെ അനായാസത, താളാത്മകത എന്നിവയ്ക്കുദാഹരണമായ നിരവധി ചിത്രങ്ങൾ ഇവിടെയുണ്ട്. ഉദാ. താമരപ്പൊയ്ക, അപ്സരസ്സുകളുടെ നൃത്തം, കുണ്ഡലകേശി. ഈ ചിത്രശാലയുടെ നിർമിതിക്കു മുൻകൈയെടുത്ത മഹേന്ദ്രവർമ രാജാവിന് 'ചിത്രകാരപ്പുലി' എന്നൊരു ബഹുമതിയുമുണ്ട്.
ചോളരാജവംശത്തിന്റെ സംഭാവനകൾ
ക്ഷേത്ര നിർമിതിയിലെ പല്ലവ ശൈലിയുടെ പിന്തുടർച്ചക്കാർ ചോളന്മാരായിരുന്നു. ഒടുവിലത്തെ പല്ലവകല ചോളശൈലിയിലേക്കു വഴിമാറുന്നതിന്റെ ഉദാഹരണങ്ങൾ പുതുക്കോട്ടയിലെയും പരിസരപ്രദേശങ്ങളിലെയും നിർമിതികളിൽ കാണാം. പല്ലവരുടെതിനെ അപേക്ഷിച്ച് ലളിതമാണ് ചോളരുടെ ശൈലി. ഈ ലാളിത്യം ചോള ശൈലിയിലുള്ള ആദ്യ ക്ഷേത്രങ്ങളിലൊന്നായ ശ്രീനിവാസനല്ലൂർ ക്ഷേത്രത്തിൽ കാണാം. സ്തംഭശീർഷങ്ങളിലാണ് പല്ലവ ശൈലിയിൽ നിന്നുള്ള കാര്യമായ വ്യതിയാനം കാണുന്നത്. കൊത്തുപണികളിൽ അലങ്കാരം കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. സരളവും സ്വതന്ത്രവുമായിരിക്കുമ്പോഴും ഗാംഭീര്യമാർന്ന ചോളശില്പശൈലിക്കു നിദർശനങ്ങളാണ് തഞ്ചാവൂർ ക്ഷേത്രവും ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രവും. ചോളശൈലിയുടെ ഒരു മധ്യകാല മാതൃകയാണ് തൃശ്ശിനാപ്പള്ളി ജില്ലയിലെ കൊരങ്ങനാഥ ക്ഷേത്രം.
ശില്പകലയുടെ അത്രയുമില്ലെങ്കിലും ചിത്രകലയിലും ചോളർ തത്പരരായിരുന്നു. രാജരാജചോളൻ വരപ്പിച്ചതാണെന്നു കരുതപ്പെടുന്ന 11-ാം ശ.-ത്തിലെ നടരാജമൂർത്തിയുടെ ചുവർചിത്രം (തഞ്ചാവൂർ) ചോള ചിത്രകലാശൈലിയുടെ മികച്ച മാതൃകയാണ്. രാജരാജചോളൻ കവികളുടെയും സാഹിത്യകാരന്മാരുടെയും നാടകകാരന്മാരുടെയും പുരസ്കർത്താവുമായിരുന്നു.
ചോള കാലഘട്ടം വെങ്കല ശില്പങ്ങൾക്കും പേരുകേട്ടതാണ്. അത് ഗംഭീര പൂർണകായ പ്രതിമകളിലേക്കു വളർന്നതിനു നിദർശനമാണ് തിരുപ്പതിയിലെ ദേവരായരുടെയും മറ്റും പ്രതിമ.
പാണ്ഡ്യരാജവംശത്തിന്റെ സംഭാവനകൾ
ചോളന്മാർക്കുശേഷം അധികാരശക്തികളായിരുന്ന പാണ്ഡ്യന്മാരാണു് പിന്നീട് ദക്ഷിണേന്ത്യൻ വാസ്തുവിദ്യയ്ക്ക് പ്രചോദനമേകിയത്. ക്ഷേത്രവളപ്പുകളുടെ പ്രവേശനമാർഗത്തിൽ ഗംഭീരമായ ഗോപുരവാതിലുകൾ നിർമിച്ചു എന്നതാണ് പാണ്ഡ്യശൈലിയുടെ മുഖ്യ സവിശേഷത. പില്ക്കാല പാണ്ഡ്യ ഗോപുരങ്ങളുടെ തനിമാതൃകകൾ സുന്ദരപാണ്ഡ്യ ഗോപുര(ജംബുകേശ്വരം)വും ചിദംബരം ക്ഷേത്രത്തിലെ കിഴക്കേ ഗോപുരവുമാണ്. അലങ്കാരപ്പണികൾ കൂടുതൽ നടത്തി മോടി വർധിപ്പിക്കാനുള്ള ഉദ്യമമാണ് പാണ്ഡ്യശൈലിയിൽ പൊതുവേ കാണപ്പെടുന്നത്. അത് ചോളവാസ്തുവിദ്യയുടെ നിയന്ത്രിതമായ പക്വതയിൽനിന്ന് വിജയനഗരശൈലിയുടെ അനിയന്ത്രിതവും എന്നാൽ അതിവിശിഷ്ടവും ആയ സൃഷ്ടിയിലേക്കുള്ള മാറ്റത്തെയാണ് ഉദാഹരിക്കുന്നത്.
വിജയനഗര സാമ്രാജ്യത്തിന്റെ കീഴിൽ ദക്ഷിണേന്ത്യൻ കല ഹിന്ദുശൈലിക്കുമേൽ സ്വാധീനം ചെലുത്തിത്തുടങ്ങിയ ഇസ്ലാമിക ശൈലിയെ മറികടക്കാൻ ശ്രമിക്കുകയുണ്ടായി. വിട്ടലക്ഷേത്രം, ഹസാര രാമക്ഷേത്രം എന്നിവ ഈ വിജയനഗരശൈലിയുടെ മികച്ച മാതൃകകളാണ്. ഈ ശൈലിക്ക് മധുരനായ്ക്കന്മാരിൽനിന്ന് ഏറെ പ്രോത്സാഹനം ലഭിച്ചതിനാൽ ഇത് മധുരശൈലി എന്നറിയപ്പെട്ടു. മധുര, ശ്രീരംഗം, തിരുവാലൂർ, രാമേശ്വരം, തിരുവണ്ണാമല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ ഈ ശൈലിയുടെ നല്ല മാതൃകകളാണ്.
ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, കഥക് തുടങ്ങിയ നിരവധി ക്ലാസ്സിക് നൃത്ത-നാട്യ രൂപങ്ങൾ ദക്ഷിണേന്ത്യൻ കലയുടെ സവിശേഷതകളാണ്. കൂത്തു്, കൂടിയാട്ടം, യക്ഷഗാനം തുടങ്ങിയവയും ദക്ഷിണേന്ത്യൻ കലാരംഗത്തെ സമ്പന്നമാക്കുന്നു. ദക്ഷിണേന്ത്യയുടെ സവിശേഷ സംഗീതശൈലിയാണു് കർണാടകസംഗീതം. വസ്ത്രനിർമാണ കലയിലും കാഞ്ചീപുരം തുടങ്ങി നിരവധി ദക്ഷിണേന്ത്യൻ ശൈലികളും പ്രസ്ഥാനങ്ങളുമുണ്ടു്. കരകൗശല വിദ്യയിലും മൗലികമായ സംഭാവനകൾ ദക്ഷിണേന്ത്യയിൽ ഉണ്ടായിട്ടുണ്ടു്.
ഇസ്ലാമിക ശൈലി, ബ്രിട്ടിഷ് ശൈലി തുടങ്ങിയ അനേകം ശൈലികൾ സ്വാംശീകരിച്ചാണു് ദക്ഷിണേന്ത്യൻ കലയും വാസ്തുവിദ്യയും ഇന്നത്തെ നിലയിൽ എത്തിച്ചേർന്നതു്.
അവലംബം
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദക്ഷിണേന്ത്യൻ കലയും വാസ്തുവിദ്യയും എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |