Jump to content

ചിമാജി അപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിമാജി അപ്പ
ജനനം1707
മരണം1740 (വയസ്സ് 32–33)
തൊഴിൽമറാഠാ സൈന്യാധിപൻ
അറിയപ്പെടുന്നത്ബാജിറാവു ഒന്നാമന്റെ സഹോദരൻ, യുദ്ധതന്ത്രജ്ഞൻ
സ്ഥാനപ്പേര്പേഷ്വ
ജീവിതപങ്കാളി(കൾ)സീതാബായി, അന്നപൂർണ്ണാബായി
കുട്ടികൾസദാശിവറാവു ഭാവു
മാതാപിതാക്ക(ൾ)ബാലാജി വിശ്വനാഥ്

ബാലാജി വിശ്വനാഥ് ഭട്ടിന്റെ മകനും മറാഠാ സാമ്രാജ്യത്തിലെ ബാജിറാവു പേഷ്വയുടെ ഇളയ സഹോദരനുമായിരുന്നു)[1] ശ്രീമന്ത് ചിമാജി ബല്ലാൽ (1707–1740. ഭാവു, ചിമാജി അപ്പ എന്നീ പേരുകളിലാണ് അദ്ദേഹം കൂടുതലും അറിയപ്പെട്ടത്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിപ്പിച്ച സൈനിക മേധാവിയായിരുന്നു അദ്ദേഹം. കഠിനമായ പോരാട്ടത്തിൽ പോർച്ചുഗീസുകാരിൽ നിന്ന് വസായ് കോട്ട പിടിച്ചെടുത്തതാണ് അദ്ദേഹത്തിന്റെ മികച്ച നേട്ടം[2]. മറാഠാ സാമ്രാജ്യത്തിലെ മികച്ച യുദ്ധതന്ത്രജ്ഞനായി അദ്ദേഹം അറിയപ്പെട്ടു. ബാജിറാവു ഒന്നാമൻ നയിച്ച എല്ലാ യുദ്ധങ്ങളും ആസൂത്രണം ചെയ്തത് ഇദ്ദേഹമായിരുന്നു.

സൈനിക മുന്നേറ്റങ്ങൾ

[തിരുത്തുക]

ബേലാപൂർ ആക്രമണം

[തിരുത്തുക]

1733 ൽ, ചിമാജി അപ്പയുടെ നേതൃത്വത്തിൽ, സർദാർ ശങ്കർബുവ ഷിൻഡെയോടൊപ്പം ചേർന്ന് മറാഠാ സൈന്യം പോർച്ചുഗീസുകാരിൽ നിന്ന് ബേലാപൂർ കോട്ടയുടെ നിയന്ത്രണം പിടിച്ചെടുത്തു. ഈ ആക്രമണത്തിൽ വിജയിച്ചാൽ അടുത്തുള്ള അമൃതേശ്വർ ക്ഷേത്രത്തിൽ ബേലി (കൂവളം) ഇലകളുടെ മാല നേദിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. വിജയത്തിനുശേഷം ഈ കോട്ടയെ ബേലാപൂർ കോട്ട എന്ന് പുനർനാമകരണം ചെയ്തു.

വസായ് ആക്രമണം

[തിരുത്തുക]

ശ്രദ്ധാപൂർവമായ ആസൂത്രണത്തിനുശേഷം, ചിമാജി അപ്പ 1737 ൽ മറാഠാ സൈന്യത്തെ പോർച്ചുഗീസ് അധിനിവേശ പ്രദേശങ്ങളിലേക്ക് നയിച്ചു. ഏറ്റവും ദുർബലമായ സ്ഥലത്ത് ആക്രമണം നടത്തി വിജയിച്ച്, അതുവഴി കൂടുതൽ ശക്തിയുള്ള പ്രദേശങ്ങളിലേക്ക് കടന്ന് ചെല്ലുക എന്നതായിരുന്നു ചിമാജിയുടെ തന്ത്രം. 1737 മാർച്ച് 28 ന് റാണോജിറാവു ഷിൻഡെയുടെയും ശങ്കർബുവ ഷിൻഡെയുടെയും നേതൃത്വത്തിലുള്ള മറാത്ത സൈന്യം അർണാലയിലെ തന്ത്രപ്രധാനമായ ദ്വീപ് കോട്ട പിടിച്ചെടുത്തു. അങ്ങനെ വസായിക്കുള്ള നിർണായകപാത വെട്ടിമാറ്റി. താനെയും സാൽസെറ്റ് ദ്വീപും 1737 ൽ മോചിപ്പിക്കപ്പെട്ടു. 1738 നവംബറിൽ ചിമാജി അപ്പ ദഹാനു കോട്ട പിടിച്ചെടുത്തു. 1739 ജനുവരി 20-ന് മാഹിം കീഴടങ്ങി. തുടർന്ന് കെൽവെ / മാഹിം കോട്ടകൾ ചെംഗോജിറാവു ഷിൻഡെയും, സിർഗാവ് കോട്ട റാനോജിറാവു ഷിൻഡെയും, താരാപൂർ കോട്ട ജനോജിറാവു ഷിൻഡെയും കീഴടക്കി. 1739 ഫെബ്രുവരി 13 ന് ചിമാജി നേരിട്ട് അസ്സെറിം കോട്ട പിടിച്ചെടുത്തു. 1739 മാർച്ച് 28 ന് പോർച്ചുഗീസുകാർക്ക് ദ്വീപും കരഞ്ച കോട്ടയും റാവുലോജി ഷിൻഡെയുടെ സൈന്യത്തിന് അടിയറ വയ്ക്കേണ്ടി വന്നു. ഒടുവിൽ 1739 ഫെബ്രുവരിയിൽ ചിമാജി അപ്പ ബാസ്സീൻ (വസായ്) കോട്ട ആക്രമിച്ചു. അദ്ദേഹം ആദ്യം വെർസോവ കോട്ട പിടിച്ചെടുക്കുകയും, ബാസ്സീൻ കടലിടുക്ക് ഉപരോധിക്കുകയും ചെയ്തു. കോട്ടയുടെ മതിലുകൾക്കടിയിൽ വിവിധ സ്ഥലങ്ങളിൽ മൈനുകൾ സ്ഥാപിച്ച് പൊട്ടിച്ച് കോട്ട ദുർബലമാക്കി. പോർച്ചുഗീസുകാർ സാങ്കേതികമായി മെച്ചപ്പെട്ട ആയുധങ്ങളും പീരങ്കികളും ഉപയോഗിച്ച് മറാഠാ സൈന്യത്തിന് വൻ നാശനഷ്ടങ്ങൾ വരുത്തി. എന്നാൽ സെന്റ് സെബാസ്റ്റ്യന്റെ ഗോപുരം ഒരു സ്ഫോടനത്തിൽ തകർന്നതോടെ പോർച്ചുഗീസ് സൈന്യത്തിന്റെ മനോവീര്യം ഇടിഞ്ഞു. മെയ് 16 ന് പോർച്ചുഗീസ് സൈന്യം കീഴടങ്ങി. അതിജീവിച്ച പോർച്ചുഗീസുകാർക്ക് നഗരത്തിൽ നിന്ന് പാലായനം ചെയ്യാൻ സുരക്ഷിതമായ ഒരു പാത ഒരുക്കുകയും അവരുടെ ജംഗമ സ്വത്തുക്കളെല്ലാം എടുത്ത് പുറത്തേക്ക് പോകാൻ എട്ട് ദിവസത്തെ സമയം നൽകുകയും ചെയ്തു. അതനുസരിച്ച്, പോർച്ചുഗീസ് സൈന്യത്തിന്റെയും ഭരണത്തിന്റെയും ശേഷിച്ച ഘടകങ്ങൾ 1739 മെയ് 23-ഓടെ വസായിയിൽ നിന്ന് പുറത്തായി.

കുടുംബം

[തിരുത്തുക]

സീതാബായി, അന്നപൂർണ്ണാബായി എന്നിവരായിരുന്നു ഭാര്യമാർ. ചിമാജി അപ്പയുടെ മകനാണ് സദാശിവറാവു. പിൽക്കാലത്ത് അഹ്മദ് ഷാ അബ്ദാലിക്കെതിരെ ചരിത്രപരമായ മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാഠാ സേനയെ നയിച്ചത് സദാശിവറാവു ഭാവു എന്ന പേരിൽ അറിയപ്പെട്ട സദാശിവറാവു ആയിരുന്നു.

ചിമാജി അപ്പ, അന്നപൂർണ്ണാബായി എന്നിവരുടെ സമാധി

1741-ൽ ചിമാജി അപ്പ അന്തരിച്ചു.അന്നപൂർണ്ണാബായി ഇദ്ദേഹത്തിന്റെ ചിതയിൽ സതി അനുഷ്ഠിക്കുകയുണ്ടായി[3]. പൂനെയിലെ ഓംകാരേശ്വർ ക്ഷേത്രത്തിൽ ഇവരുടെ സമാധി സ്ഥിതി ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. ജാഗ്രൺ ജോഷ്, 18 ഓഗസ്റ്റ്, 2020
  2. ഡി.എൻ.എ. ഇന്ത്യ
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-12-22. Retrieved 2020-10-26.

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചിമാജി_അപ്പ&oldid=3797028" എന്ന താളിൽനിന്ന് ശേഖരിച്ചത്