ചുക്കും ഗെക്കും
കർത്താവ് | അർക്കാദി ഗൈദർ |
---|---|
യഥാർത്ഥ പേര് | Чук и Гек |
പരിഭാഷ | ലിയോനാർഡ് സ്റ്റോക്ക് ലിറ്റ്സ്കി |
രാജ്യം | സോവിയറ്റ് യൂണിയൻ |
ഭാഷ | റഷ്യൻ |
സാഹിത്യവിഭാഗം | ബാലസാഹിത്യം |
പ്രസാധകർ | പ്രോഗ്രസ്സ് പബ്ലിഷേഴ്സ്, മോസ്കോ |
മാധ്യമം | അച്ചടി |
റഷ്യൻ കഥാകാരനായ അർക്കാദി ഗൈദർ രചിച്ച കുട്ടികൾക്കുള്ള ഒരു കഥയാണ് "ചുക്കും ഗെക്കും" (Chuk and Gek).1939 ൽ ആണ് ഈ കൃതി രചിയ്ക്കപ്പെട്ടത്.
കഥാസാരം
[തിരുത്തുക]സോവിയറ്റ് റഷ്യയിലെ മോസ്കോ നഗരത്തിലാണ് കുസൃതികളായ ചുക്, ഗെക് ഇവർ അമ്മയോടൊപ്പം താമസിയ്ക്കുന്നത്. അവരുടെ അച്ഛനായ സെര്യോഗിൻ വളരെദൂരെ സൈബീരിയയിലുള്ള തൈഗയിൽ ഗവേഷണസംബന്ധമായ ജോലിയിലേർപ്പെട്ടിരിയ്ക്കുന്നയാളാണ്. പുതുവത്സരം അടുക്കാറായപ്പോൾ സെര്യോഗിൻ തന്റെ ഭാര്യയെയും കുട്ടികളെയും കാണാൻ അതിയായി ആഗ്രഹിച്ച് അവരെ തന്റെ ജോലിസ്ഥലത്തേയ്ക്ക് ക്ഷണിച്ചുകൊണ്ട് അവർക്ക് ഒരു കമ്പിസന്ദേശം തയ്യാറാക്കി അയയ്ക്കുന്നു. ഈ സന്ദേശം ലഭിച്ച സെര്യോഗിൻ കുടുംബം ആഹ്ലാദത്തോടെ യാത്രയ്ക്കു തയ്യാറെടുക്കുന്നു.
എന്നാൽ സെര്യോഗിൻ തന്റെ അസൗകര്യം കാണിച്ച് വീണ്ടും ഒരു കമ്പി കുടുംബത്തിനു അയയ്ക്കുന്നു. ഈ കമ്പി ചുക്കും, ഗെക്കും തമ്മിലുണ്ടായ ശണ്ഠയ്ക്കിടയിൽ കളഞ്ഞുപോകുന്നു. എന്നാൽ ഈ വിവരം അവർ അമ്മയോട് പറയുന്നില്ല. കളഞ്ഞുപോയ കമ്പിസന്ദേശത്തിലെ ഉള്ളടക്കത്തെക്കുറിച്ച് അറിയാതെ യാത്രപുറപ്പെട്ട അമ്മയും കുട്ടികളും രണ്ടു ദിവസത്തെ ദീർഘമായ തീവണ്ടിയാത്രയും മഞ്ഞിലൂടെയുള്ള ദുഷ്കരമായ സവാരിയ്ക്കും ശേഷം ഭർത്താവിന്റെ ജോലിസ്ഥലത്തെ ക്യാമ്പിൽ എത്തുന്നു. എന്നാൽ ചുക്കിന്റെയും ഗെക്കിന്റേയും അച്ഛനായ സെര്യോഗിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ജോലിസംബന്ധമായി പത്തു ദിവസത്തേയ്ക്ക് മറ്റൊരു സ്ഥലത്തേയ്ക്കു പോയ വിവരം ഒരു ഗാർഡ് അവരോട് വെളിപ്പെടുത്തുന്നു. പത്തുദിവസം തള്ളിനീക്കുന്നതിനു മതിയായ ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ആ സ്ഥലത്തു തത്കാലം ലഭ്യവുമല്ല,മാത്രമല്ല അവിടെ വന്യജീവികളുടെ ശല്യവുമുണ്ട്. ആ ദിവസങ്ങളിൽ സെര്യോഗിന്റെ ഭാര്യയും, കുട്ടികളായ ചുക്കും ഗെക്കും അവിടെ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടുന്നതിനെക്കുറിച്ചാണ് ഈ പുസ്തകത്തിൽ ഗൈദർ വിവരിയ്ക്കുന്നത്.
ഇവാൻ ലുകിൻസ്കി സംവിധാനം ചെയ്ത ഈ കൃതിയെ ആധാരമാക്കിയുള്ള ചലച്ചിത്രരൂപം 1953 ൽ പുറത്തുവന്നു.[1]
ഇതിന്റെ മലയാളഭാഷാന്തരം ലഭ്യമാണ്. [2]