Jump to content

ജാതകകഥകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൗദ്ധസാഹിത്യത്തിലെ ഒരു പ്രധാന വിഭാഗമാണ് ജാതകകഥകൾ . ഇവയിലെ പ്രതിപാദ്യം ബുദ്ധന്റെ പൂർ‌വജന്മകഥകളാണ് എന്നതാണ് ജാതകകഥകൾ എന്ന പേരു ലഭിക്കാൻ കാരണം. ബുദ്ധന്റെ ഏതെങ്കിലും ഒരു പൂർവ്വജന്മത്തിൽ നടന്ന സംഭവമായിട്ടാണ് ഓരോ കഥയും ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയിൽ ബുദ്ധൻ നായകനോ,കഥാപാത്രമോ ചിലപ്പോൾ നിരീക്ഷകനോ ആയിരിക്കും. അതിനാലിവയെ ബോധിസത്വകഥകൾ എന്നും പറയാറുണ്ട്. ഇവയിലധികവും പാലി ഭാഷയിലാണ്.

ശ്രോതാക്കളുടെ കഴിവിനനുസരിച്ചാണ് ബുദ്ധൻ ജ്ഞാനോപദേശം ചെയ്തിരുന്നത് എന്ന് സദ്ധർമപുണ്ഡരീകം എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു.സൂക്തരൂപത്തിലും, ഗാഥാരൂപത്തിലും ഐതിഹ്യരൂപത്തിലും ജാതകകഥകളിലൂടെയും അദ്ദേഹം ഉപദേശങ്ങൾ നൽകി. ജാതകകഥകൾ സാമാന്യജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു.

നാടോടിക്കഥകളും യക്ഷിക്കഥകളുമെല്ലാം ബുദ്ധമതപരമായ കഥകളാക്കി മാറ്റപ്പെടുകയും അവയിലെല്ലാം ബുദ്ധൻ ഒരു കഥാപാത്രമായി ചിത്രീകരിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്.ബൗദ്ധന്മാരുടെ പുനർജന്മസിദ്ധാന്തവും കർമസിദ്ധാന്തവും ഏതുകഥകളേയും ബുദ്ധമതവുമായി ബന്ധിപ്പിക്കുന്നതിന് സഹായകമായിരുന്നു. ബുദ്ധൻ സിദ്ധാർത്ഥഗൗതമനായി കപിലവസ്തുവിൽ ജനിക്കുന്നതിന് മുൻപ് അദ്ദേഹത്തിന് അനേകജന്മങ്ങൾ കഴിഞ്ഞിരുന്നു എന്നാണ് ബുദ്ധമത വിശ്വാസം. ഓരോ ജന്മത്തിലെയും കർമഫലമനുസരിച്ച് രാജാവായോ മന്ത്രിയായോ കച്ചവടക്കാരനായോ ചണ്ഡാലനായോ ഏതെങ്കിലും മൃഗമായോ ജനിച്ചിരുന്നു. ഇതുമൂലം ഏതു നാടോടിക്കഥയേയും ബൗദ്ധകഥയാക്കുന്നതിന് അതിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെ ബുദ്ധനായി സങ്കൽ‌പ്പി‌ച്ചാൽ മാത്രം മതിയായിരുന്നു. [1]


പിൽക്കാലത്ത് ജാതകകഥകളായി അറിയപ്പെട്ട പലതും പാലിയിലെ സൂക്തങ്ങളിൽ ബോധിസത്വനുമായി ബന്ധപ്പെടുത്താതെയും പ്രതിപാദിച്ചിട്ടുണ്ട്. ദീർഘനികായത്തിലെ കൂടദന്തസൂക്തം, മഹാസുദർശനസൂക്തം, മത്ധിമതികായത്തിലെ മഹാദേവസൂക്തം എന്നിങ്ങനെയുള്ള ചില ഗ്രന്ഥങ്ങളിൽ ജാതകകഥകളുടെ തന്നെ രൂപത്തിലുള്ള കഥകളുണ്ട്. ബുദ്ധമതത്തിലെ വിശുദ്ധഗ്രന്ഥങ്ങളെ ഒൻപത് അംഗങ്ങളായി വിഭജിച്ചിട്ടുണ്ട്.അവയിലൊരംഗമായി ജാതകകഥകളെ അംഗീകരിച്ചിട്ടുള്ളതിൽ നിന്നും ഈ കഥകളുടെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്.

ജാതകഗ്രന്ഥങ്ങൾ ഉൾപ്പെടുന്നത് തിപിടകങ്ങളിൽ ഒന്നായ ഖുദ്ദ്കനികായം എന്ന ഗ്രന്ഥസംഹിതയിലാണ്. ഇതിൽ ഗാഥകളാണുള്ളത്. ഇവയെ ഇരുപത്തിരണ്ട് 'നിപാത'ങ്ങളിലായി വിഭജിച്ചിരിക്കുന്നു. ജാതകഗാഥകളായി ഇന്ന് അറിയപ്പെടുന്നത് മേൽസൂചിപ്പിച്ച ഗ്രന്ഥളിലെ ഗാഥകളുടെ അതിവിസ്തൃതമായ ഗദ്യ വ്യാഖ്യാനങ്ങളാണ്. ഇവയിൽ അങ്ങിങ്ങായി ഗാഥകളും ഉണ്ടായിരിക്കും. ഇന്നറിയപ്പെടുന്ന 'ജാതകത്ഥ വന്നനാ' എന്ന ഗ്രന്ഥം ' ജാതകത്ഥ കഥാ' എന്ന അതിപ്രാചീന ഗ്രന്ഥത്തെ ബുദ്ധഘോഷൻ എന്ന ബൗദ്ധാചാര്യൻ പരിഷ്കരിച്ചുണ്ടാക്കിയതാണ് എന്ന് കരുതപ്പെടുന്നു. ഇതിൽ അഞ്ച് ഭാഗങ്ങളുണ്ട്.

1. വർത്തമാനകാലകഥ: ബുദ്ധനെ ജാതകകഥ പറയാൻ പ്രേരിപ്പിച്ച സംഭവത്തെയും ഇതിൽ ബന്ധിപ്പിച്ചിരിക്കും.

2. ഭൂതകാലകഥ: ഇതാണ് ശരിയായ ജാതകകഥ.

3. മേല്പ്പറഞ്ഞ രണ്ടുമായും ബന്ധപ്പെട്ട ഗാഥകൾ.

4. വ്യാകരണപരമായും നിഘണ്ടുശാസ്ത്രപരമായുമുള്ള അഭിപ്രായങ്ങൾ.

5. രണ്ടു ഭൂതകാലകഥയിലെ കഥാപാത്രങ്ങളെ ബുദ്ധന്റെ കാലത്തെ അവയുടെ പുനർജന്മവുമായി ബന്ധിപ്പിക്കുന്ന 'സമോധാന'.

എന്നിവയാണവ.

ഭാരതത്തിലെ കഥാസാഹിത്യത്തെ സംബന്ധിച്ചിടത്തോളം ജാതക കഥകൾക്ക് വളരെ പ്രാധാന്യമുണ്ട്. പലജാതകകഥകളോടും തുല്യമായ കഥകൾ പഞ്ചതന്ത്രം,കഥാസരിത്‌സാഗരം, മഹാഭാരതം,രാമായണം,ജൈനസാഹിത്യം എന്നിവയിൽ കാണുന്നുണ്ട്. പാശ്ചാത്യ കഥകളോട് തുല്യമായ കഥകളും ജാതക കഥകളിലുണ്ട്. സുപ്രസിദ്ധമായ സോളമന്റെ നീതി പോലൂള്ള ഒരു കഥ മഹാ-ഉമ്മഗ്ഗ-ജാതകത്തിലുണ്ട്. ജാതകകഥകൾ പ്രാചീന ഭാരത ജീവിതരീതികളിലേക്കും വെളിച്ചം വീശുന്നു.

'തിപിടക'ത്തിലുൾപ്പെടുന്ന ഖുദ്ദകനികായത്തിലെ അവസാന ഗ്രന്ഥമായ ചര്യാപിടകത്തിൽ പദ്യരൂപത്തിലുള്ള 35 ജാതകങ്ങളുണ്ട്. സത്യം ദയ തുടങ്ങിയ പത്ത് പാരമിതകളിൽ ബുദ്ധൻ എത്തിയതെപ്രകാരമാണെന്ന് ഈ കഥകൾ പ്രസ്താവിക്കുന്നു. ഇവയിൽ മിക്കവയും വിരസങ്ങളായ രൂപരേഖകൾ മാത്രമാണ് . നിദാനകഥ, ജാതകമാല (ബോധിസത്വാപദാനമാലാ) എന്നിവയാണ് ഇന്നറിയപ്പെടുന്ന മുഖ്യ കഥാഗ്രന്ഥങ്ങൾ . ഒരു പേജുപോലും വലിപ്പമില്ലാത്ത കഥകൾ മുതൽ അച്ചടിച്ച നൂറുപേജിലും ഒതുങ്ങാത്തത്ര വലിപ്പമുള്ള കഥകൾ വരെ ഇവയിൽ ഉൾപ്പെടുന്നു.[1]

ധർമതത്വങ്ങളെ സാമാന്യജനങ്ങൾക്കുപദേശിക്കുക എന്നതായിരുന്നു ഈ കഥകളുടെ ലക്ഷ്യം എന്നത് വ്യക്തമാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 വിശ്വവിജ്ഞാനകോശം ആറാം വാള്യം
"https://ml.wikipedia.org/w/index.php?title=ജാതകകഥകൾ&oldid=2307401" എന്ന താളിൽനിന്ന് ശേഖരിച്ചത്