Jump to content

ഡോൾഫിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോൾഫിൻ
Temporal range: Early Miocene - സമീപസ്ഥം
ബോട്ടിൽനോസ് ഡോൾഫിൻ ബോട്ടിന്റെ അലകൾ മുറിച്ചു നീന്തുന്നു
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Delphinidae and Platanistoidea

Gray, 1821

ജലത്തിൽ ജീവിക്കുന്ന ഒരു സസ്തനിയാണ്‌ ഡോൾഫിൻ (കടൽപ്പന്നി). തിമിംഗിലത്തിന്റെ ബന്ധുവായ ഇവർ ബുദ്ധിശാലികളും സമൂഹജീവികളുമാണ്‌. നാല്പ്പതോളം ജനുസ്സുകളെ കണ്ടെത്തിയിട്ടുണ്ട്. മാംസഭുക്കായ ഇവ ചെറു മൽസ്യങ്ങളേയും കണവയേയും പ്രധാനമായി ഭക്ഷിക്കുന്നു. മനുഷ്യരോട് നന്നായി ഇണങ്ങുന്ന ഇവയെ പരിശീലിപ്പിച്ച് വിനോദത്തിനും, സമുദ്ര പര്യവേഷണത്തിനും, നാവികസേനയിലും[1][2] ഉപയോഗിച്ചു പോന്നിരുന്നു. ഡോൾഫിന്റെ പ്രത്യേകതകളിൽ ഒന്നാണ് ഇക്കോലൊക്കേഷനിനുള്ള അതിന്റെ കഴിവ്.

സമുദ്രജല ഡോൾഫിനുകളെ സീറ്റേസി ഗോത്രത്തിലെ ഡെൽഫിനോയിഡിയ (Delphinoidea) അതികുടുംബത്തിലെ ഡെൽഫിനിഡെ (Delphinidae) കുടുംബത്തിൽപ്പെടുത്തിയിരിക്കുന്നു. നദീജലത്തിലും ഓരുജലത്തിലുമുള്ള ഡോൾഫിനുകളെ സീറ്റേസി ഗോത്രത്തിന്റെ ഉപഗോ ത്രമായ ഒഡോന്റോസെറ്റി (Odontoceti)യുടെ അതികുടുംബമായ പ്ലാറ്റാനിസ്റ്റോയിഡയിലെ (Platanistoidea) പ്ലാറ്റാനിസ്റ്റിഡേ (Platanistidae) കുടുംബത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലേയും തെക്കേ അമേരിക്കയിലേയും ശുദ്ധജലതടാകങ്ങളിലും നദികളിലും പ്ലാറ്റാനിസ്റ്റിഡേ കുടുംബത്തിൽപ്പെടുന്ന നാല് ഡോൾഫിൻ ജീനസുകൾ കാണപ്പെടുന്നു.

ഗാംഗെറ്റിക് ഡോൾഫിൻ എന്നു പരക്കെ അറിയപ്പെടുന്ന പ്ലാസ്റ്റാനിസ്റ്റ ഗാംഗെറ്റിക്ക (Platanista gangetica) എന്നയിനം ഗംഗാനദിയിൽ കാണപ്പെടുന്നു. തെക്കേ അമേരിക്കയിലെ ഒറിനോക്കോ (Orinoco) നദിയിൽ കണ്ടുവരുന്ന ഐനിയ ജോഫ്രോയെൻസിസ് (Inia geoffrensis) എന്നയിനം മൂന്നു മീറ്ററോളം നീളത്തിൽ വളരുന്നവയാണ്. ഇവയുടെ, ചുണ്ടുകൾ പോലെ നീണ്ട മുഖം ജലാശയത്തിനടിത്തട്ടിൽ കുഴികളുണ്ടാക്കാനും മത്സ്യങ്ങളേയും കവച പ്രാണിവർഗങ്ങളേയും ഭക്ഷിക്കാനും സഹായകമാകുന്നു. ബ്രസീലിലെ നദികളിൽ കണ്ടുവരുന്ന സ്റ്റിനോഡെൽഫിസ് ബ്ലെയിൻവില്ലി (Stenoddelphis blainvillei) എന്ന ചെറു ഡോൾഫിനുകൾക്ക് 150 സെ.മീ. നീളമേയുള്ളൂ.

ശരീരശാസ്തം

[തിരുത്തുക]

സാധാരണ ഡോൾഫിനുകൾക്ക് (ഡെൽഫിനസ് ഡെൽഫിസ്- Delphinus delphis) 1.2-2.4 മീ.നീളവും 23-225 കി.ഗ്രാം വരെ തൂക്കവുമുണ്ടായിരിക്കും. ഏറ്റവും വലിപ്പം കൂടിയ ഡോൾഫിൻ ഇനമായ ടർസിയോപ്സ് ട്രങ്കേറ്റസിന് (Tursiops truncatus) 3 മീ. നീളവും 200 മുതൽ 225 കി.ഗ്രാം വരെ തൂക്കവുമുണ്ട്. സാധാരണ ഡോൾഫിനുകളുടെ ശരീരത്തിന്റെ ഉപരിഭാഗത്തിന് കറുപ്പോ തവിട്ടോ നിറമായിരിക്കും; കീഴ്ഭാഗത്തിന് വെളുത്തനിറവും. ഇവയുടെ ശരീരത്തിന്റെ പാർശ്വഭാഗങ്ങളിലായി ഇളം ചാരനിറത്തിലുള്ള വരകളും കാണപ്പെടുന്നു. കപ്പലുകളുടെ സമീപത്ത് സദാ സഞ്ചരിക്കുന്ന ഇത്തരം ഡോൾഫിനുകളെ ചൂരമത്സ്യങ്ങളുടെ കൂട്ടങ്ങളിലും കാണാറുണ്ട്. പഴ്സീൻ (purse seine) വലകളിൽ കുടുങ്ങിയ ചൂരമത്സ്യങ്ങളെ ഇവ പലപ്പോഴും രക്ഷപ്പെടുത്തിയിട്ടുള്ളതായി തെളിവുകളുണ്ട്.

സമുദ്രജലജീവി പ്രദർശനശാലകളിലും അക്വേറിയങ്ങളിലും ചലച്ചിത്രങ്ങളിലും ടെലിവിഷനിലും മറ്റും പ്രദർശിക്കപ്പെടുന്നത് നീണ്ട മോന്ത(bottle-nosed)യുള്ള ഡോൾഫിനുകളെയാണ്. കാലിഫോർണിയയിലെ സമുദ്രജല അക്വേറിയങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഒരിനമാണ് ലജിനോറിങ്കസ് ഒബ്ലിക്വിഡെൻസ് (Lagenorhynchus obliquidens) എന്ന പസിഫിക് ഡോൾഫിനുകൾ. ഇവ 1.75-3.6 മീ. വരെ നീളമുള്ളവയാണ്. ശരീരത്തിന്റെ ഉപരിഭാഗത്തിന് കറുപ്പോ സ്ലേറ്റിന്റെ നിറമോ ആയിരിക്കും; കീഴ്ഭാഗത്തിന് മങ്ങിയനിറവും. എന്നാൽ തുഴകൾക്ക് പൊതുവേ കറുപ്പുനിറമായിരിക്കും. വായയുടെ വളഞ്ഞ ഭാഗം നീണ്ട മോന്തയുമായി ചേർന്നിരിക്കുന്നതിനാൽ എല്ലായ്പ്പോഴും ചിരിക്കുന്ന പ്രതീതി ഉളവാക്കും. വിവിധ രീതിയിലുള്ള അഭ്യാസങ്ങളും വിനോദങ്ങളും പരിശീലിപ്പിച്ച് പല പ്രദർശനങ്ങൾക്കും ഇവയെ ഉപയോഗപ്പെടുത്തിവരുന്നു.

ഉറക്കം

[തിരുത്തുക]

പകൽസമയങ്ങളിൽ വളരെ ചുറുചുറുക്കോടെ കാണപ്പെടുന്ന ഡോൾഫിനുകൾ വിശ്രമിക്കുന്നത് രാത്രികാലങ്ങളിലാണ്. ശ്വാസോച്ഛ്വാസത്തിനായി ഇടയ്ക്കിടയ്ക്ക് ജലോപരിതലത്തിലെത്തേണ്ടതിനാൽ ഇവയ്ക്ക് വിശ്രമസമയം വളരെ കുറവായിരിക്കും. പെൺ ഡോൾഫിനുകൾ സാധാരണ ഉറങ്ങുമെങ്കിലും ആൺ ഡോൾഫിനുകൾ അപൂർവമായി മാത്രമേ ഉറങ്ങാറുള്ളൂ. ഒരു കണ്ണ് മാത്രം അടച്ച് ഇവ ഉറങ്ങുന്നു.

ലോക്കോമോട്ടീവ്

[തിരുത്തുക]

ഡോൾഫിനുകൾ ജീവിക്കുന്ന ചുറ്റുപാടുകൾ ഇവയുടെ ഹൃദയമിടിപ്പിനെ ഏറെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജലോപരിതലത്തിൽ ഇവയുടെ ഹൃദയമിടിപ്പിന്റെ നിരക്ക് മിനിട്ടിൽ 108 പ്രാവശ്യവും ജലാന്തർഭാഗത്ത് 50 പ്രാവശ്യവും ആയിരിക്കുമെന്നാണ് പരീക്ഷണങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. വെള്ളത്തിനടിയിലായിരിക്കുമ്പോൾ പ്രാണവായുവിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ അനുകൂലനം. ഡോൾഫിനുകളുടെ ശരീരചർമത്തിനടിയിലുള്ള കൊഴുപ്പുപാളി (blubber) ശരീരോഷ്മാവ് (36.6-37.2 °C) ക്രമീകരിക്കുന്നതിനും നിലനിറുത്തുന്നതിനും സഹായിക്കുന്നു. ചർമത്തിലെ രക്തധമനികളുടെ കുറവ് ശരീരോഷ്മാവ് നഷ്ടപ്പെടാതിരിക്കാൻ സഹായകമാകുന്നു. വളരെ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ശരീരത്തിലുത്പാദിപ്പിക്കപ്പെടുന്ന വർദ്ധിച്ച ചൂട് പുറത്തേക്കുവിടാനായി ചിറകു(ളശി)കളിലെ രക്തചംക്രമണ വേഗത വർദ്ധിപ്പിക്കുകയാണ് ഇവയുടെ പതിവ്. ഇതും ശരീരോഷ്മാവ് നിയന്ത്രിക്കുവാൻ സഹായകമാണ്. വിശ്രമിക്കുമ്പോഴും മെല്ലെ സഞ്ചരിക്കുമ്പോഴും രക്തചംക്രമണ വേഗത കുറയുമെങ്കിലും ശരീര താപനില നിലനിറുത്താൻ ഇവയ്ക്കു സാധിക്കും. ഘ്രാണേന്ദ്രിയങ്ങൾ ശോഷിച്ചു പോയതിനാൽ ഡോൾഫിനുകളെ അനോസ്മാറ്റിക് (anosmatic) എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

സമുദ്രജലത്തിന്റെ അപവർത്തനാങ്കത്തിനനുസരണമായി കണ്ണുകൾ രൂപാന്തരപ്പെട്ടിരിക്കുന്നതിനാൽ ഡോൾഫിനുകൾക്ക് ഹ്രസ്വദൃഷ്ടിയാണുള്ളത്. 15 മീ. വരെ ദൂരത്തിലുള്ളതെന്തും ഡോൾഫിനു കാണാൻ കഴിയും. പൊതുവേ സമൂഹങ്ങളായിട്ടാണ് ഡോൾഫിനുകൾ ജീവിക്കുന്നത്. മത്തി, ചെറുമത്തി, ചെറിയ മത്സ്യങ്ങൾ തുടങ്ങിയവയെ ഇവ ആഹാരമാക്കുന്നു.

ജീവശാസ്ത്രത്തെ അതിശയിപ്പിക്കുന്നതാണ് ഡോൾഫിനുകളുടെ അതിജീവനക്ഷമത. ഇവയ്ക്ക് 25 മുതൽ 32 കി.മീ. വരെ വേഗത്തിൽ ജലത്തിൽ നീന്താൻ കഴിയും. വിസ്തൃതമായ വാലിന്റെ അതിവേഗത്തിലുള്ള ചലനസഹായത്താലാണ് ഇത്രയും വേഗത്തിൽ നീന്താൻ ഇവയ്ക്കു കഴിയുന്നത്. ഡോൾഫിനുകളുടെ ശരീരത്തിന്റെ മൃദുലത ജലരോധം കുറയ്ക്കുന്നതിനു സഹായിക്കുന്നു.

സെറ്റേഷ്യൻ‌സ് ബയോസോണാർ

സെൻസറി

[തിരുത്തുക]

മനുഷ്യ കർണങ്ങൾക്കു കേൾക്കാൻ കഴിയാത്ത ശബ്ദതരംഗങ്ങളാണ് ഡോൾഫിനുകൾ പുറപ്പെടുവിക്കുന്നത്. സെക്കൻഡിൽ 23,000 വരെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ മനുഷ്യർക്കു കേൾക്കാൻ സാധിക്കില്ല. ഡോൾഫിനുകൾക്ക് 80,000 വരെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ ശ്രവിക്കാൻ കഴിയും. ഒരു വസ്തുവിനെ സൂക്ഷ്മമായി വേർതിരിച്ചറിയുന്നതിനും അതിന്റെ ആകൃതിയും പ്രകൃതിയും മനസ്സിലാക്കുന്നതിനും ഈ ശ്രവണശക്തി സഹായകമാണ്.

പ്രത്യുല്പാദനം

[തിരുത്തുക]

മാർച്ചു മുതൽ മേയ് വരെയുള്ള മാസങ്ങളാണ് ഡോൾഫിനുകളുടെ പ്രജനനകാലം. ഗർഭകാലം 10-12 മാസക്കാലമാണ്. പ്രസവസമയം അടുക്കുമ്പോൾ പെൺഡോൾഫിൻ പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം അക്കൂട്ടത്തിൽപ്പെടുന്ന പെൺഡോൾ ഫിനുകളെയെല്ലാം അങ്ങോട്ടാകർഷിക്കുന്നു. പ്രസവിച്ചയുടനെ തന്നെ കുഞ്ഞിനെ ജലോപരിതലത്തിലേക്കുയർന്ന് ശ്വസിക്കാൻ മാതാവ് സഹായിക്കുന്നു. ഉദരത്തിനടിയിലെ ചെറുചാലുകൾക്കകത്തായുള്ള ഭാഗത്താണ് സ്തനാഗ്രങ്ങൾ സ്ഥിതിചെയ്യുന്നത്. മാതൃഡോൾഫിനുകൾ വേഗത കുറച്ചു നീന്തിയും ഒരു വശത്തേക്കു ചരിഞ്ഞുകിടന്നു സഞ്ചരിച്ചും സ്തനമാംസപേശികളുടെ മർദം വർദ്ധിപ്പിച്ചുകൊണ്ട് കുഞ്ഞിന്റെ വായിലേക്കു പാൽ ചീറ്റിക്കൊടുക്കുകയാണു പതിവ്. ഓരോ അരനിമിഷത്തിനുള്ളിലും ശ്വസനത്തിനായി ജലോപരിതലത്തിലെത്തേണ്ടതിനാൽ മുലയൂട്ടൽ വളരെ ഹ്രസ്വമായ പ്രക്രിയയായി മാറുന്നു. ജനിച്ചയുടനേതന്നെ ഡോൾഫിൻക്കുഞ്ഞുങ്ങൾക്കു നീന്താൻ കഴിയുന്നതിനാൽ രണ്ടാഴ്ചയോളം ഇവ മാതാവിനോടൊപ്പം സഞ്ചരിക്കുന്നു. 16 മാസം പ്രായമാകുന്നതുവരെ മാതാവ് കുഞ്ഞുങ്ങളെ പരിപാലിക്കാറുണ്ട്. ജനിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പല്ലുകൾ പുറത്തുവരുന്നു. പ്രായപൂർത്തിയായ ഡോൾഫിനുകളുടെ ഇരു താടികളിലുമായി നിരവധി കോണാകൃതിയിലുള്ള പല്ലുകളുണ്ടായിരിക്കും. ഡോൾഫിനുകൾക്ക് 20 മുതൽ 25 വരെ വയസ്സ് ആയുസ്സുള്ള തായി കണക്കാക്കപ്പെട്ടിരിക്കുന്നു.

സ്വഭാവം

[തിരുത്തുക]
ഒരു സൈനിക ഡോൾഫിൻ

സാമൂഹ്യവൽക്കരണം

[തിരുത്തുക]

ഡോൾഫിനുകൾക്ക് മനുഷ്യനുമായുള്ള സൗഹൃദ സമ്പർക്കത്തെപ്പറ്റി പ്രതിപാദിക്കുന്ന നിരവധി സൂചനകൾ പുരാതന ഗ്രീക്ക്, റോമൻ സാഹിത്യത്തിൽ കാണാം. ഇത്തരം പരാമർശങ്ങൾ അതിശയോക്തിപരമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും, ഇപ്പോൾ ശാസ്ത്രഗവേഷകർ ഇവയുടെ ശാസ്ത്രീയാടിസ്ഥാനം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഡോൾഫിനുകളുടെ ബുദ്ധിശക്തിയും മനുഷ്യശബ്ദം അനുകരിക്കാനുള്ള കഴിവും ശ്രദ്ധേയമാണ്. ആശയവിനിമയത്തിനായി ജലാന്തർഭാഗത്തുവച്ച് ഇവ പുറപ്പെടുവിക്കുന്ന വിവിധതരം ശബ്ദങ്ങളും ഇണചേരുന്ന സമയത്തു പുറപ്പെടുവിക്കുന്ന സീൽക്കാരങ്ങളും അപായസൂചനകളും പഠന വിധേയമായിട്ടുണ്ട്. ഇവ പുറപ്പെടുവിക്കുന്ന അൾട്രാസോണിക് ശബ്ദതരംഗങ്ങൾ ദിശാനിർണയത്തിന് (echolocation) വളരെ സഹായകമാകുന്നുണ്ട്.

നാവികരും സമുദ്രസ്നാനം നടത്തുന്നവരും അപകടത്തിൽപ്പെട്ട വേളകളിൽ ഡോൾഫിനുകൾ രക്ഷപ്പെടുത്തിയിട്ടുള്ളതായി അറിവായിട്ടുണ്ട്. ഡോൾഫിനുകളുടെ ഈ സവിശേഷ സ്വഭാവം ബുദ്ധിശക്തിയിലുപരി സഹജാവബോധം (instinct) മൂലം ഉണ്ടാകുന്നതാകാമെന്നാണ് കരുതപ്പെടുന്നത്. അപകടത്തിൽപ്പെട്ടു മുറിവേല്ക്കുന്ന ഡോൾഫിനുകളേയും മറ്റു ഡോൾഫിനുകൾ രക്ഷപ്പെടുത്താറുണ്ട്.

ഭീഷണികൾ

[തിരുത്തുക]

ചില ഡോൾഫികൾ വംശനാശ ഭീഷണിയിലാണ്. പ്രത്യേകിച്ച് ആമസോൺ നദി ഡോൾഫിൻ പോലുള്ള ചില നദി ഡോൾഫിൻ ഇനങ്ങളും ഗുരുതരമായി അല്ലെങ്കിൽ ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്നു. ഡോൾഫിനുകളെ കൊല്ലുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഓരോ വർഷവും നിരവധി ഡോൾഫിനുകൾ മത്സ്യം പിടിക്കുന്ന വലകളിൽ കുടുങ്ങി കൊല്ലപ്പെടാറുണ്ട്. ബോട്ടുകളുമായുള്ള കൂട്ടിയിടി മൂലമുണ്ടാകുന്ന പരിക്കുകൾ അല്ലെങ്കിൽ മരണങ്ങൾ, പ്രത്യേകിച്ച് അവയുടെ പ്രൊപ്പല്ലറുകൾ തട്ടിയുണ്ടാകുന്ന അപകടങ്ങൾ എന്നിവയും സാധാരണമാണ്.

ബുദ്ധിശക്തി

[തിരുത്തുക]

മനുഷ്യക്കുരങ്ങിനേക്കാൾ കൂടുതൽ ബുദ്ധിശക്തി ഡോൾഫിനുകൾക്കുണ്ടെന്ന് മസ്തിഷ്ക പരിശോധനാപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മനുഷ്യന്റേയും കുരങ്ങിന്റേയും മസ്തിഷ്കത്തേക്കാൾ വലിപ്പം കൂടിയതാണ് ഡോൾഫിനുകളുടെ മസ്തിഷ്കം. ബുദ്ധിശക്തിയുടെ കേന്ദ്രമായി ശാസ്ത്രം കരുതിപ്പോരുന്ന 'സെറിബ്രൽ കോർട്ടെക്സി'ന്റെ ഘടന വളരെ സങ്കീർണമാണ്. ഡോൾഫിനുകളുടെ മസ്തിഷ്കത്തിലെ സെറിബ്രൽ അർധഗോളത്തിൽ കാണുന്ന മടക്കുകൾ മനുഷ്യ മസ്തിഷ്കത്തിലുള്ളതിന്റെ ഇരട്ടിയോളം വരുമെന്നു കണക്കാക്കപ്പെടുന്നു. മനുഷ്യരിൽ കാണപ്പെടുന്നതിനേക്കാൾ അമ്പതുശതമാനത്തിലധികം നാഡീകോശങ്ങളും (Neurone) ഡോൾഫിനുകളിലുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. http://www.spawar.navy.mil/sandiego/technology/mammals/mine_hunting.html
  2. http://www.ukdiving.co.uk/conservation/articles/dolphin_war.htm

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

കൂടുതൽ വിവരങ്ങൾക്ക്:

ഡോൾഫിൻ സം‌രക്ഷണവും ഗവേഷണവും:

ഡോൾഫിൻ വാർത്തകൾ:

ചിത്രങ്ങൾ:

"https://ml.wikipedia.org/w/index.php?title=ഡോൾഫിൻ&oldid=3816111" എന്ന താളിൽനിന്ന് ശേഖരിച്ചത്