നിക്കോളോ കോണ്ടി
നിക്കൊളോ ഡ കോണ്ടി | |
---|---|
ജനനം | 1395 |
മരണം | 1469 (വയസ്സ് 73–74) |
തൊഴിൽ | വ്യാപാരി |
അറിയപ്പെടുന്നത് | തെക്കുകിഴക്കനേഷ്യയിലും ഇന്ത്യയിലുമുള്ള സന്ദർശനങ്ങൾ |
പതിനഞ്ചാം ശതകത്തിന്റെ ആദ്യ പകുതിയിൽ മധ്യപൂർവദേശങ്ങളും ഇന്ത്യയും ദക്ഷിണപൂർവദേശങ്ങളും ചൈനയും സന്ദർശിച്ച ഇറ്റാലിയൻ വ്യാപാരിയാണ് നിക്കോളൊ ഡ കോണ്ടി (1395–1469). യാത്രാവേളകളിൽ പലപ്പോഴും ആത്മരക്ഷാർഥം ഇസ്ലാം മതവിശ്വാസിയായി അദ്ദേഹത്തിന് ജീവിക്കേണ്ടിവന്നു. സ്വദേശത്ത് തിരിച്ചെത്തിയശേഷം കോണ്ടി മാർപ്പാപ്പയെകണ്ട് പരിഹാരമാർഗ്ഗം ആരാഞ്ഞപ്പോൾ പ്രായശ്ചിത്തമെന്നോണം യാത്രകളെ പറ്റി സവിസ്തരം പ്രതിപാദിക്കാനാണ് മാർപ്പാപ്പ കല്പിച്ചത്. അങ്ങനെ കോണ്ടി പറഞ്ഞതെല്ലാം താൻ എഴുതിയെടുത്തതാണെന്ന് മാർപ്പാപ്പയുടെ സെക്രട്ടറി പോജിയോ ബ്രാചിയോലിനി പുസ്തകത്തിന്റെ മുഖവുരയിൽ പറയുന്നു. [1]
വെനീസിൽ നിന്നു പുറപ്പെട്ട് കോണ്ടി ഡമാസ്കസിൽ താമസിച്ച് അറബിക്കും ഒർമൂസിൽ താമസിച്ച് പേർഷ്യൻ ഭാഷയും പഠിച്ചു. അറേബ്യൻ കടലിലൂടെ ഗുജറാത്തിലെ കാംബയയിലെത്തി അവിടെ ഇരുപതു ദിവസങ്ങൾ ചെലവിട്ടു. പിന്നീട് പാചമറിയ, എലി എന്നീ തീരപ്രദേശങ്ങൾ സന്ദർശിച്ചശേഷം ബിസനെഗലിയ (വിജയനഗരം) എന്ന പട്ടണത്തിലെത്തി. ഇത് 1421-ലോ 22ലോ ദേവരായ രണ്ടാമൻ രാജവാഴ്ച ആരംഭിച്ച കാലത്തായിരിക്കണം എന്നാണ് അനുമാനിക്കപ്പെടുന്നത്. വിജയനഗര സാമ്രാജ്യത്തിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ കിഴക്കൻ തീരത്തെത്തി. അവിടന്ന് കടൽ മാർഗ്ഗം ദക്ഷിണ പൂർവദേശങ്ങളിലേക്ക് യാത്ര തിരിച്ചു. തിരിച്ചു പോകുന്ന വഴിക്കാണ് സിലോണും, കൊച്ചിയും കോഴിക്കോടും സന്ദർശിച്ചത്.
1421-ൽ ആരംഭിച്ച യാത്ര അവസാനിച്ചത് 1439-ലാണ്. കോണ്ടിയുടെ യാത്രക്കുറിപ്പുകളെ അടിസ്ഥാനമാക്കി ഭൂപടങ്ങൾ നിർമ്മിക്കപ്പെട്ടു.