മഹാവൈവിധ്യപ്രദേശങ്ങൾ
ജൈവജാല വൈവിധ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശങ്ങളെ ആണ് മഹാ വൈവിധ്യ പ്രദേശങ്ങൾ(Mega Diversity Area) എന്നു വിളിക്കുന്നത്. വൈവിധ്യം ഏറ്റവും കൂടുതൽ കാണുന്ന രാജ്യങ്ങളെ മഹാ വൈവിധ്യ രാജ്യങ്ങൾ എന്നു വിളിക്കുന്നു. ഇന്ത്യ, കൊളംബിയ, പെറു, ബ്രസീൽ, ഫിലിപ്പൈൻസ്, മഡഗാസ്കർ, ചൈന, മലേഷ്യ, ഇൻഡോനേഷ്യ, ഓസ്ട്രേലിയ, മെക്സിക്കൊ,ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഇക്വഡോർ, പാപ്പുവ ന്യൂഗിനിയ, ദക്ഷിണാഫ്രിക്ക, യു.എസ്.എ., വെനിസ്വെല എന്നിവയാണവ. മനുഷ്യൻ മറ്റു ജീവികളുടെ നിലനിൽപ്പിന്റെ വിധികർത്താവ് എന്ന നിലയിലേക്കെത്തിയതു മൂലം ജൈവസമ്പത്ത് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നതും ഈ പ്രദേശങ്ങളിലാണ്.
നോർമൻ മയർ എന്ന ശാസ്ത്രജ്ഞൻ 1988-ലും 1990-ലും പുറത്തിറക്കിയ രണ്ടു ലേഖനങ്ങളിലൂടെയാണ് ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകൾ എന്ന ആശയം ആദ്യമായി നിർദ്ദേശിക്കപ്പെട്ടത്. 'പരിസ്ഥിതിപ്രവർത്തകൻ'എന്നും 'ഹോട്ട്സ്പോട്ട് : ജൈവവൈവിധ്യതയുടെ സമ്പന്ന ഭൂമിക' എന്നുമുള്ള ഈ ലേഖനങ്ങൾ ജീവശാസ്ത്ര മേഖലയിൽ സൃഷ്ടിച്ച കോളിളക്കം ചെറുതല്ല. ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് എന്ന പദവി ലഭിക്കണമെങ്കിൽ മയറിന്റെ സിദ്ധാന്തമനുസരിച്ച് രണ്ടു നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:ആ പ്രദേശത്ത് ഏറ്റവും കുറഞ്ഞത് 0.5%മോ 1500-ലേറയോ തദ്ദേശീയമായി കാണപ്പെടുന്ന സസ്യങ്ങളുണ്ടാകണം. അതോടൊപ്പം തന്നെ ആ പ്രദേശത്തെ പ്രാഥമിക ജീവജാലങ്ങളിൽ 70%ത്തിനെങ്കിലും വംശനാശം സംഭവിച്ചിട്ടുണ്ടാകണം.ലോകത്താകമാനം ഈ നിബന്ധനകൾ പാലിക്കുന്ന 25 സ്ഥലങ്ങളാണ് ഇപ്പോൾ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടായി അംഗീകരിച്ചിട്ടുള്ളത്.ലോകത്തിലെ അത്യപൂർവമായി കാണപ്പെടുന്ന പല ജീവികളുടേയും ആവാസസ്ഥാനങ്ങളാണ് ഇവിടങ്ങൾ.
സുപ്രധാന ഭാഗങ്ങൾ
[തിരുത്തുക]ജൈവസമ്പത്തിന്റെ ഭീഷണികൾ പഠിച്ച ശാസ്ത്രജ്ഞർ 1990 മുതൽക്ക് ലോകത്തിലെ 18 സുപ്രധാന ഭാഗങ്ങളെ(Hot Spots) കണ്ടെത്തിയിട്ടുണ്ട്. തദ്ദേശീയ ജൈവവംശങ്ങൾ(Endemic Species)ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളാണിവ. മൊത്തം കരഭാഗത്തിന്റെ 0.5% വരുന്ന ഇവിടെ ആകെയുള്ള സസ്യജാതികളുടെ 20% കണ്ടുവരുന്നു. സംരക്ഷണപ്രക്രിയയുടെ സത്വരശ്രദ്ധ പതിയേണ്ട സ്ഥലങ്ങളാണ് ഈ 'സുപ്രധാന ഭാഗങ്ങൾ' ഇന്ത്യയിലെ പശ്ചിമഘട്ടമലനിരകളും, ഹിമാലയഭാഗങ്ങളും ഇവയിൽ പെടുന്നു. ഇന്ത്യയുടെ മൊത്തം വിസ്തീർണ്ണത്തിന്റെ 0.14% മാത്രം വരുന്ന പശ്ചിമഘട്ടത്തിലെ നീലഗിരി ആവാസവ്യവസ്ഥയിൽ ഇന്ത്യയിൽ കാണുന്ന ആൻജിയോ സ്പേം സസ്യങ്ങളുടെ 90% വും പൂമ്പാറ്റകളുടെ 19%വും നട്ടെല്ലുള്ള ജീവികളുടെ 23% വും ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
ഭീഷണികൾ
[തിരുത്തുക]പലജൈവജാതികളും യാതൊരു പോംവഴിയുമില്ലാത്ത തരത്തിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. മഹാ വൈവിധ്യ പ്രദേശങ്ങൾ പൂർണ്ണമായും സ്ഥിതി ചെയ്യുന്നത് ഉഷ്ണമേഖലാ പ്രദേശത്താണ് അങ്ങനെയുള്ള ഉഷ്ണമേഖലാ വനങ്ങൾ പ്രതിദിനം 7000 ഏക്കർ എന്ന നിലയിൽ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ക്രി. ശേ. 1600 നു ശേഷം മാത്രം 83 ജാതി സസ്തനങ്ങളും, 113 ജാതി പക്ഷികളും, 2 ഉഭയജീവികളും, 384 ജാതി സസ്യങ്ങളും പൂർണ്ണമായും നശിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ നശിച്ചുപോയവ ഇതിലും എത്രയോ കൂടുതലായിരിക്കാം കാരണം ഏല്ലാ ജൈവജാതികളെയും ഇനിയും തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടില്ല.
ഹോട്ട്സ്പോട്ടുകൾക്കായുള്ള സംഘടനകൾ
[തിരുത്തുക]ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളുടെ ഒരു ചെറിയ ശതമാനം മാത്രമേ ഇന്ന് സംരക്ഷിക്കപ്പെടുന്നുള്ളൂ.ഇവയ്ക്ക് കൂടുതൽ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ നിരവധി അന്താരാഷ്ട്ര സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ക്രിട്ടിക്കൽ ഇക്കോസിസ്റ്റം പാർട്ട്ണർഷിപ്പ് ഫണ്ട്(CEPF) സർക്കാരിതര സ്ഥാപനങ്ങൾക്ക് ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളെ സംരക്ഷിക്കാനായി സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ്. CEPF ഇന്ന് അമേരിക്ക,ഏഷ്യ,ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലുടനീളം ആയിരത്തോളം സ്ഥാപനങ്ങൾക്ക് സഹായങ്ങൾ നൽകുന്നുണ്ട്. ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളുടെ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ചിട്ടുള്ള മറ്റൊരു സംഘടനയാണ് കൺസർവേഷൻ ഇന്റർനാഷണൽ.വാഷിംഗ്ടൺ ഡി സി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംഘടന ജൈവവൈവിധ്യ സംരക്ഷണത്തിൽ സാമൂഹ്യവും നയപരവും ശാസ്ത്രീയവുമായ ഇടപെടലുകൾ നടത്തിവരുന്നു. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (WWF)ആരംഭിച്ച ഒരു പദ്ധതിയാണ് ഗ്ലോബൽ 200 ഇക്കോറീജിയൺ.ഈ പദ്ധതി പ്രകാരം എല്ലാ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളും പ്രത്യേക പരിഗണനയോടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ദേശീയ ഭൌമ ശാസ്ത്ര സംഘടന ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളെ അടിസ്ഥാനമാക്കി ഒരു ലോക ഭൂപടം തയ്യാറാക്കിയിട്ടുണ്ട്.ഈഭൂപടത്തിൽ കൺസർവേഷൻ ഇന്റർനാഷണലിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി ഓരോ ഹോട്ട്സ്പോട്ടുകളിലേയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ സംഖ്യ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകത്തുള്ള സുപ്രധാന ഭാഗങ്ങളും തദ്ദേശീയ വംശങ്ങളുടെ എണ്ണവും
[തിരുത്തുക]സ്ഥലം | ഉയർന്നതരം സസ്യങ്ങൾ | സസ്തനികൾ | ഉരഗങ്ങൾ | ഉഭയജീവികൾ | |
---|---|---|---|---|---|
1 | കേയ്പ് ഭാഗം(തെക്കേ ആഫ്രിക്ക) | 6000 | 15 | 43 | 23 |
2 | അപ്‌ലാന്റ് പശ്ചിമ ആമസോണിയ | 5000 | - | - | 70 |
3 | ബ്രസീലിന്റെ അറ്റ്‌ലാന്റിക് തീരം | 5000 | 40 | 92 | 168 |
4 | മഡഗാസ്കർ | 4900 | 86 | 234 | 142 |
5 | ഫിലിപ്പൈൻസ് | 3700 | 98 | 120 | 41 |
6 | വടക്കൻ ബോർണിയോ | 3500 | 42 | 69 | 47 |
7 | ഉത്തരഹിമാലയം | 3500 | - | 20 | 25 |
8 | തെക്കു പടിഞ്ഞാറൻ ആസ്റ്റ്രേലിയ | 2830 | 10 | 25 | 22 |
9 | പടിഞ്ഞാറൻ ഇക്വഡോർ | 2500 | 9 | - | - |
10 | ചോക്കോ(കൊളംബിയ) | 2500 | 137 | 111 | - |
11 | മലേഷ്യ മുനമ്പ് | 2400 | 4 | 25 | 7 |
12 | കാലിഫോർണിയയിലെ ഫ്ലോറിസ്റ്റിക് പ്രൊവിൻസ് | 2140 | 15 | 15 | 16 |
13 | പശ്ചിമ ഘട്ടം | 1600 | 7 | 91 | 84 |
14 | മധ്യ ചിലി | 1450 | - | - | - |
15 | ന്യൂ കാലിഡോണിയ | 1400 | 2 | 21 | - |
16 | ഉത്തര ആർക്ക് മലകൾ(ടാൻസാനിയ) | 535 | 20 | - | 49 |
17 | ശ്രീലങ്കയുടെ തെക്കു പടിഞ്ഞാറു ഭാഗം | 500 | 4 | - | - |
18 | കോട് ഡെൽവോറി | 200 | 3 | - | 2 |
ഉത്തര-മധ്യ അമേരിക്ക
[തിരുത്തുക]- കാലിഫോർണിയ ഫ്ലോറിസ്റ്റിക്ക് പ്രവിശ്യ.
- കരീബിയൻ ദ്വീപുകൾ
- മാഡ്രിയൻ പൈൻ ഓക്ക് കാടുകൾ
- മെസൊഅമേരിക്ക
- ദക്ഷിണ അമേരിക്ക
- അറ്റലാന്റിക് കാടുകൾ
- കെറാഡോ
- ചിലിയിലെ ശൈത്യമഴക്കാടുകൾ
- ചോക്കോ മഗ്ദലേന
- മിതോഷ്ണ ആൻഡിസ്
യൂറോപ്പും മധ്യേഷയും
[തിരുത്തുക]- കൌക്കാസസ്
- ഇറാനോ അനറ്റോളിയൻ
- മെഡിറ്ററേനിയൻ സമതലം
- മധ്യേഷ്യയിലെ പർവതങ്ങൾ
ആഫ്രിക്ക
[തിരുത്തുക]- കേപ് ഫ്ലോറിസ്റ്റിക് മേഖല
- കിഴക്കേ ആഫ്രിക്കയിലെ തീരദേശ കാടുകൾ
- കിഴക്കേ ആഫ്രോ മൊണ്ടേൻ
- പടിഞ്ഞാറേ ആഫ്രിക്കയിലെ ഗിനിയൻ കാടുകൾ
- ഹോൺ ഓഫ് ആഫ്രിക്ക
- മഡഗാസ്കർ
- ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകൾ
- മപ്പൂട്ടാലാൻഡ്
- സുക്കുലെന്റ് കറൂ
ഏഷ്യ പസഫിക്ക്
[തിരുത്തുക]- കിഴക്കൻ മെലനേഷ്യൻ ദ്വീപുകൾ
- കിഴക്കൻ ഹിമാലയം
- ഇന്തോ ബർമ
- ജപ്പാൻ
- തെക്ക്പടിഞ്ഞാറൻ ചൈനയിലെ പർവതങ്ങൾ
- കാലിഡോണിയ
- ന്യൂസീലാൻഡ്
- ഫിലിപ്പൈൻസ്
- പോളിനേഷ്യ മൈക്രോനേഷ്യ
- തെക്ക്പടിഞ്ഞാറൻ ആസ്ട്രേലിയ
- സുണ്ടഡാലാന്റ്
- വല്ലാസിയ
- പശ്ചിമഘട്ടവും ശ്രീലങ്കയും